കണ്ണൂർ: പാലത്തായി പീഡനകേസ് അട്ടിമറിക്കുന്നതിനെതിരെ എം.എസ്.എഫ് ജില്ലാകമ്മിറ്റി കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ ക്രൈംബ്രാഞ്ച് ഓഫീസ് ഗേറ്റ് പിടിച്ചുകുലുക്കിയതോടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ .കെ. ജാസിൽ, സംസ്ഥാന നേതാവ് സി.കെ നജാഫ്, യൂത്ത് ലീഗ് പ്രസിഡന്റ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. ഇജാസ് ആറളം,​ സാദിഖ് പാറാട്, ഷംസീർ പുഴാതി, ഷുഹൈബ് കൊതേരി തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.