തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ നിർമ്മാണം പൂർത്തിയായ 59 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ‌്ഘാടനവും 103 കോടി രൂപയുടെ നിർമ്മാണപ്രവൃത്തിയുടെ ശിലാസ്ഥാപനവും 14ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11.30ന‌് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ഉദ‌്ഘാടന ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷയാവും.
11.70 കോടി രൂപ വിനിയോഗിച്ചാണ‌് പീഡിയാട്രിക‌് ഹെമറ്റോളജി–-ഓങ്കോളജി ബ്ലോക്ക‌് പണിതത‌്. 64 സ‌്ളൈസ‌് സി.ടി. സ‌്കാനർ (ആറ് കോടി), സ‌്പെക‌്ട‌് സിടി (നാല് കോടി) ഉപകരണങ്ങളും അനുബന്ധമായി സജ്ജീകരിച്ചു.
റേഡിയോ തെറാപ്പി ബ്ലോക്ക‌് വിപുലീകരണം, ഒ പി നവീകരണം, സ‌്റ്റുഡന്റ‌് ഹോസ‌്റ്റൽ നിർമാണം എന്നിവയുടെ ഉദ്‌ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും. കിഫ‌്ബി ഭരണാനുമതി നൽകിയ 81.69 കോടി രൂപയാണ‌് റേഡിയോ തെറാപ്പി ബ്ലോക്കിനും ഒ.പി നവീകരണത്തിനും വിനിയോഗിക്കുന്നത്. 21.55 കോടി രൂപ ചെലവഴിച്ചാണ‌് വിദ്യാർത്ഥികൾക്കായി ഹോസ‌്റ്റൽ പണിയുന്നത‌്. എം.സി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളാണിത‌്. കിഫ‌്ബി ഫണ്ട‌് ഉപയോഗിച്ച‌് രണ്ടാംഘട്ടത്തിൽ 14 നിലയുള്ള കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമൊരുക്കും.
ന്യൂക്ലിയർ മെഡിസിൻ ബ്ലോക്ക‌് 9കോടി
ക്ലിനിക്കൽ ലാബും ഗവേഷണ ബ്ലോക്കും 18.33 കോടി
ഇന്റർവെൻഷൻ റേഡിയോളജി ബ്ലോക്ക‌് 9 കോടി
കാന്റീൻ വിപുലീകരണം 95 ലക്ഷം
ഭരണാനുമതി 562 കോടിയുടെ പ്രവൃത്തികൾക്ക്
മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററാക്കി മാറ്റുന്നതിന്റെ ഭാഗമായ വികസനത്തിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ 562.245 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് ഗവേഷണത്തിനും, പഠനസൗകര്യത്തിനുമായി ഒരുക്കുന്ന പുതിയ കെട്ടിടത്തിൽ ഏകദേശം 450 കിടക്കകളും പത്തു ഓപ്പറേഷൻ തിയേറ്ററുകളും ഇരുപതോളം മജ്ജ മാറ്റിവക്കൽ യൂണിറ്റുകളും നിർമ്മിക്കും. കൂടാതെ വിവിധ പഠന ഗവേഷണ വിഭാഗങ്ങളും, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയും ലഭ്യമാക്കും. കിഫ്ബി വഴി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനെയാണ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചിരിക്കുന്നത്.