ഇരിട്ടി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സമ്പർക്കം മൂലം രോഗം സ്ഥിരീകരിക്കുന്നതോടെ ടൗൺ ഉൾപ്പെടുന്ന വാർഡ് മൊത്തമായി അടച്ചിടുന്നത് മൂലം വ്യാപാരി സമൂഹത്തിലും മേഖലയിലെ ജനങ്ങൾക്കിടയിലും നിരവധി പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിച്ച് ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്ത കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയൂബ് പൊയിലൻ, കെ.വി.വി.എസ് ഇരിട്ടി പ്രസിഡന്റ് റെജി തോമസ്, മെട്രോ യൂണിറ്റ് പ്രസിഡന്റ് അലി ഹാജി, പയഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സലാം ഹാജി എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. വ്യവസായമന്ത്രി ഇ.പി. ജയരാജൻ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്കും നിവേദനം കൈമാറിയിട്ടുണ്ട്.