കാസർകോട് : ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തെക്കിൽ വില്ലേജിൽ ചട്ടഞ്ചാൽ മാഹിനാബാദിൽ സർക്കാരിന്റെ 5.50 ഏക്കർ ഭൂമിയിലാണ് ആശുപത്രി. 551 കിടക്കകളുള്ള ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോൺ നമ്പർ ഒന്നിലും മൂന്നിലും ക്വാറന്റൈൻ സംവിധാനങ്ങളും രണ്ടിൽ പ്രത്യേക ഐസോലേഷനുമാണ്.
സോൺ ഒന്നിലും മൂന്നിലും ഒാരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകൾ, ഒരു ശുചിമുറി എന്നിവ വീതവും സോൺ രണ്ടിലെ യുണിറ്റുകളിൽ ടോയ്ലെറ്റോട് കൂടിയ ഒറ്റ മുറികളുമാണ്.128 യൂണിറ്റുകളിലായി 551 കിടക്കകളാണുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയർ ഫീറ്റിലാണ് ആശുപത്രി.
തെക്കിൽ വില്ലേജിൽ അഞ്ച് ഏക്കറിൽ റോഡ്, റിസപ്ഷൻ, ക്യാന്റീൻ, ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേകം മുറികൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഭൂമി, ജലം, വൈദ്യുതി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാരും ജില്ലാ ഭരണകൂടവുമാണ് നൽകിയത്. 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്ക്, മാലിന്യങ്ങൾ സംഭരിച്ച് സംസ്‌കരിക്കാൻ 63 ബയോ ഡയജസ്‌റ്റേർസ്, എട്ട് ഓവർഫ്ലോ ടാങ്കുകൾ എന്നിവയുമുണ്ട്. ആശുപത്രിയുടെ മുഴുവൻ നിർമ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്.
നാൾ വഴി
ഏപ്രിൽ 6: മുഖ്യമന്ത്രി പിണറായി വിജയൻ ടാറ്റാ ആശുപത്രി കാസർകോട് ജില്ലയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു
ഏപ്രിൽ 7: ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ആശുപത്രിക്ക് തെക്കിൽ വില്ലേജിൽ സ്ഥലം കണ്ടെത്തി
മേയ് 15: ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രക്‌ചർ തെക്കിൽ വില്ലേജിൽ സ്ഥാപിച്ചു
ജൂലായ് 10 : ആശുപത്രിയുടെ അവസാന പ്രീ ഫാബ് സ്ട്രക്ച്ചറും ടാറ്റാ സ്ഥാപിച്ചു