കാഞ്ഞങ്ങാട്: പുഴുങ്ങിയ കിഴങ്ങും ചായയും ഒരു കാലത്ത് കാസർകോട്ടെ ദരിദ്ര്യ കുടുംബങ്ങളുടെ ഇഷ്ട ഭക്ഷണമായിരുന്നു. എളുപ്പത്തിൽ എവിടെയും കൃഷി ചെയ്യാമെന്നത് കർഷകന്റെയും വിലക്കുറവിൽ വാങ്ങാമെന്നത് സാധാരണക്കാരന്റെയും പ്രീതിപിടിച്ചു പറ്റാൻ ഇടയാക്കി.
വൈകുന്നേരങ്ങളിൽ തീൻ മേശകളിലെ രാജാവായിരുന്നു മധുരക്കിഴങ്ങ്. നീർ വാർച്ചയുള്ള മണ്ണിൽ വളരുന്ന ഇനമായതോടെ കാഞ്ഞങ്ങാടിന്റെ പ്രാന്ത പ്രദേശമായ പുല്ലൂർ, പെരിയ, പള്ളിക്കര, അജാനൂർ, മടിക്കൈ എന്നിവിടങ്ങളിലെ ചരൽ നിറഞ്ഞ തട്ടു പ്രദേശങ്ങളിൽ മഴകാലത്തും, മണൽ പ്രദേശത്തും വയലുകളിലും വേനൽ കാലത്തും മധുരക്കിഴങ്ങു കൃഷിയാൽ സമ്പന്നമായി.
കിഴങ്ങിൻ ചാലുകളിൽ കാളകളെ കൊണ്ട് ഉഴുതു മറിച്ച് വിളവെടുക്കുന്ന രീതിയും, വിളവെടുത്ത കിഴങ്ങുകൾ മരപലകയിൽ തീർത്ത ത്രാസ്സിൽ തൂക്കി , 'തുലാം,' കണക്കിന് അവിടെ വെച്ചു തന്നെ ആവശ്യക്കാർക്കു വിൽപ്പന നടത്തിയതും, വിളവെടുപ്പിന് ശേഷം മണ്ണിൽ ഒഴിഞ്ഞു പോയ കിഴങ്ങുകൾ മണ്ണിലെ പുകിലിൽ (ജലാംശത്തിൽ) മുള വരുമ്പോൾ മാന്തിയെടുക്കാൻ പോകുന്ന കുട്ടികളും ഒരു കാലത്തെ കാഴ്ചയായിരുന്നു.
മദ്ധ്യ തിരുവിതാംകൂറിൽ നിന്നും കാസർകോടിന്റെ മലയോരത്തേക്ക് കുടിയേറിയവർ കപ്പ കൃഷി വ്യാപിപ്പിക്കുന്നതോടെയാണ് കിഴങ്ങിന്റെ പ്രഭാവം മങ്ങിയത്. മധുരക്കിഴങ്ങിന്റെ വിലകുറവും കൂടിയ കൂലിച്ചെലവും പ്രതിസന്ധിയായി.
ബേക്കറി പലഹാരങ്ങളുടെ കടന്നുകയറ്റം 'പൂങ്ങിയ കേങ്ങും'ചായയും കഴിക്കുന്നത് അഭിമാനക്കുറവായി കാണാൻ തുടങ്ങിയത് കിഴങ്ങു കൃഷിയെ ക്ഷയിപ്പിച്ചു. ചിങ്ങൻ പുഴു എന്ന് കാഞ്ഞങ്ങാട്ടെ കർഷകർ വിളിക്കുന്ന ചെല്ലി വർഗ്ഗത്തിൽ പെട്ട ഒരിനം കീടമാണ് മധുരക്കിഴങ്ങിന്റെ പ്രധാന ശത്രു.
പഴമയെ തിരിച്ചു പിടിക്കാൻ
ഇടപെടൽ
മധുരകിഴങ്ങിന് പണ്ടുണ്ടായിരുന്ന പ്രതാപം തിരിച്ചു പിടിക്കാൻ സുഭിക്ഷ കേരളം പദ്ധതിയിൽ ശ്രമം നടത്തുകയാണ്. കാഞ്ഞങ്ങാട് ബ്ലോക്കിലെ പള്ളിക്കര കൃഷി ഭവന്റെ സഹായത്തോടെ 22 ഹെക്ടർ തരിശു ഭൂമിയിൽ കിഴങ്ങു വർഗ്ഗ വിളകൾ കൃഷി ചെയുന്നുണ്ട്. ഭൂരിപക്ഷവും മധുരകിഴങ്ങാണ്. മാർക്കറ്റിൽ കിലോയ്ക്ക് 30 രൂപ വിലയും ചിപ്‌സ് ഉണ്ടാക്കിയാൽ 200 ഗ്രാം പാക്കറ്റിനു 60 രൂപ വില കിട്ടുമെന്നതും കർഷകർക്ക് പ്രതീക്ഷയേകുന്നു.