തൃക്കരിപ്പൂർ: ആദ്യമായി തൃക്കരിപ്പൂരിൽ നടക്കുന്ന നീറ്റ് പരീക്ഷക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിൽ. കേന്ദ്ര പരീക്ഷാ വിഭാഗം നടത്തുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടക്കുന്ന മുജമ്മഅ് സ്കൂളിലും പരിസരത്തും വിപുലമായ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 വിദ്യാർത്ഥികളാണ് സെപ്റ്റംബർ 13 ന് സ്കൂളിൽ പരീക്ഷക്ക് എത്തുന്നത്. ഇന്ത്യയിലെ ഉന്നത മെഡിക്കൽ സ്ഥാപനങ്ങളിൽ അടക്കം എം.ബി.ബി.എസ് സീറ്റ് ലഭിക്കുന്നത് നീറ്റ് എക്സാമിന് ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലാണ്. കൃത്യമായ കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ പരീക്ഷ. പരീക്ഷാകേന്ദ്രത്തിൽ അടിയന്തര ആവശ്യത്തിന് ഐസൊലേഷൻ, എമർജൻസി സജ്ജീകരണങ്ങൾ തയ്യാർ ചെയ്യും. സാമൂഹ്യ അകലം പാലിച്ച് സെൻററിൽ എത്തുന്നതിന് വിദ്യാർത്ഥികൾക്ക് വ്യത്യസ്ത സമയങ്ങൾ നിർണയിച്ച് നൽകിയിട്ടുണ്ടെന്ന് സെൻറർ സൂപ്രണ്ട് എം അബ്ദുൽ മജീദ് ഇർഫാനി അറിയിച്ചു. മുഴുവൻ വിദ്യാർത്ഥികളും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് വരുന്നതിനാലും പരീക്ഷ കേന്ദ്രത്തിന്റെ പരിസരത്ത് പാർക്കിംഗ് പാടില്ല എന്നതിനാലും സുഗമമായ ട്രാഫിക്, പാർക്കിംഗ് എന്നിവക്ക് സൗകര്യം ഏർപ്പെടുത്തും. സൂപ്രണ്ട് ഫോൺ: 80 8953 0275.