തളിപ്പറമ്പ്: കൊവിഡ് രോഗമുക്തി നേടിയ ഡോക്ടറുടെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗിക്ക് പ്ലാസ്മ തെറാപ്പി നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. മുഹമ്മദ് സമീറാണ് ഇതിന് തയ്യാറായത്. ജൂലായ് അവസാന ആഴ്ച കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡേതര വിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് ഇവിടെ അഡ്മിറ്റായ രോഗിക്ക് യാദൃശ്ചികമായി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

തുടർന്നുള്ള പരിശോധനയിൽ കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകരിൽ ഡോ. മുഹമ്മദ് സമീറും ഉണ്ടായിരുന്നു. ജൂലായ് അവസാന ആഴ്ചയോടെ കൊവിഡ് രോഗമുക്തി നേടിയ ഡോക്ടർ ക്വാറന്റീൻ കാലയളവും വിശ്രമവും കഴിഞ്ഞ് വീണ്ടും ജോലിക്കെത്തിയതോടെയാണ് കൊവിഡ് പോസിറ്റീവായ ബി പോസിറ്റീവ് രക്തഗ്രൂപ്പുള്ള രോഗിക്ക് സങ്കീർണ്ണവും നൂതനവുമായ പ്ലാസ്മാ തെറാപ്പി നിർദ്ദേശിച്ചത്. ചികിത്സയ്ക്കായി പ്ലാസ്മ കണ്ടെത്താനുള്ള ശ്രമത്തിനിടെ കൊവിഡ് രോഗമുക്തനായ അതേ രക്തഗ്രൂപ്പിൽപെട്ട ഈ ഡോക്ടർ സമ്മതം അറിയിച്ച് മുന്നോട്ടുവരികയായിരുന്നു.