jewelry-scam

കാസർകോട്: ഫാഷൻഗോൾഡ് ജൂവലറി നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി തിരിമറി നടത്തിയെന്ന ആരോപണത്തിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീന് കുരുക്ക് മുറുകുന്നു. ജൂവലറി ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തിൽ ആരൊക്കെ എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമാകും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് .പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈ.എസ്.പി പി.കെ സുധാകരൻ ആയിരിക്കും കേസ് അന്വേഷിക്കുക എന്നാണ് സൂചന.

അതിനിടെ മുസ്ളീംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ജൂവലറി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഖമറുദ്ദീൻ വ്യാഴാഴ്ച രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് തങ്ങൾ വിസമ്മതിച്ചതായിട്ടാണ് സൂചന. എം. എൽ. എയെ അനുകൂലിക്കുന്നവരും നിക്ഷേപതട്ടിപ്പിന് ഇരയായവരും പാണക്കാട്ട് എത്തിയിരുന്നു.

ആരോപണങ്ങളും കേസുകളും ശക്തമായി തുടരുന്ന സാഹചര്യത്തിൽ എം.എൽ.എക്കെതിരായി തുടർ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് ഖമറുദ്ദീനെ പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നത്. എം.എൽ.എ സ്ഥാനം ഒഴികെ പാർട്ടിയിലെ മറ്റു മുഴുവൻ സ്ഥാനങ്ങളും ഒഴിയാൻ ഹൈദരലി തങ്ങൾ ഖമറുദ്ദീനോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

കൂടുതൽ നിക്ഷേപകർ പരാതികളുമായി വന്നുതുടങ്ങിയതോടെ ജൂവലറി ഇടപാടുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണവും കൂടുകയാണ്. 10 കേസുകൾ കൂടി ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തതോടെ ചന്തേരയിൽ മാത്രം 23 കേസുകളായിട്ടുണ്ട്. കാസർകോട് ഒരു കേസും ഹൊസ്ദുർഗ് കോടതിയിൽ ഒരു വണ്ടിച്ചെക്ക് കേസും നിലവിലുണ്ട്. കിട്ടിയ പരാതിയിൽ ഇനിയും കേസുകൾ എടുക്കാൻ ബാക്കിയുണ്ട്. തട്ടിപ്പ് കേസിൽ ആകെ 31 പരാതികളാണ് ലഭിച്ചത്. ഇതിൽ 12 കേസുകൾ പ്രാഥമിക അന്വേഷണം നടത്തി ചന്തേര ഇൻസ്‌പെക്ടർ പി.നാരായണൻ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എം.എൽ.എയ്ക്കും എം.ഡി ടി.കെ പൂക്കോയ തങ്ങൾക്കും എതിരെ ചെറുവത്തൂർ ബ്രാഞ്ച് കേന്ദ്രീകരിച്ച് പരാതി നല്‍കിയവരിൽ ഏറെയും സത്രീകളാണ്.

2003 ലാണ് ഫാഷൻഗോൾഡ് ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഫാഷൻ ഗോൾഡ് ഓർണമെന്റ്, ഖമർഫാഷൻ ഗോൾഡ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾ രജിസ്ട്രാർ ഒഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റർ ചെയ്തു. ഒന്നര വർഷം മുമ്പ് കമ്പനി അടച്ച് പൂട്ടി. ഇതോടെ നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ചിട്ടും തരുന്നില്ലെന്ന് കാട്ടിയാണ് നിക്ഷേപകർ പൊലീസിൽ പരാതി നല്‍കിയത്. 150 ഓളം കോടിയുടെ തിരിമറി നടന്നുവെന്നാണ് ആരോപണം