balakrishnan-bank
റിട്ട. ബാങ്ക് മാനേജർ അലാമിപ്പള്ളിയിലെ ബാലകൃഷ്ണൻ (64

കാഞ്ഞങ്ങാട്: റിട്ട. ബാങ്ക് മാനേജർ അലാമിപ്പള്ളിയിലെ ബാലകൃഷ്ണനെ (64) ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഈ മാസം ഒന്നിന് രാവിലെയാണ് അലാമിപ്പള്ളി ബസ് സ്റ്റാൻഡിനു സമീപത്തെ വീട്ടിൽ നിന്ന് ഇദ്ദേഹം അപ്രത്യക്ഷനായത്. വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബാലകൃഷ്ണൻ പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ എത്തുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. അപ്രത്യക്ഷനായ ദിവസം വൈകീട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ബാലകൃഷ്ണൻ ഇവിടെയുണ്ടെന്ന് സന്ദേശം പ്രചരിച്ചിരുന്നു. പിന്നാലെ അപ്രത്യക്ഷമായി. അന്നതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും ഒരാഴ്ചയായിട്ടും ബാലകൃഷ്ണനെ കണ്ടെത്താനാകാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലാണ്. ഹൊസ്ദുർഗ് ബാങ്കിലെ റിട്ട. മാനേജറാണ് ബാലകൃഷ്ണൻ. കർണ്ണാടകയിലേക്ക് കടന്നിരിക്കാമെന്ന സംശയത്തിൽ അവിടേക്കും വിവരം കൈമാറിയതായി ഹൊസ്ദുർഗ് എസ്.ഐ കെ.വി. വിനോദ്കുമാർ പറഞ്ഞു.