കാഞ്ഞങ്ങാട്: പട്ടാക്കൽ പിള്ളരേപീടികയിലെ ജാഫർ കാഞ്ഞിരായിലിന്റെ വീട്ടിൽ എട്ടാം വർഷവും അവരെത്തി. ആരോടും അനുവാദം വാങ്ങാതെ വാസവും ഉറപ്പിച്ചു. അവർക്ക് മടുക്കുമ്പോൾ മടങ്ങുമെന്ന് ജാഫർ പറയുന്നു. കീരിക്കാടൻ ജോസിനെ പോലെ വീട്ടുകാരെ ഭയപ്പെടുത്തി വരുന്നത് ഒരുകൂട്ടം പെരുതേനീച്ചകളാണ്.
2013 ലാണ് ആദ്യമായി വീടിന്റെ കോൺക്രീറ്റ് ഭിത്തിയിൽ ഇവ കൂടൊരുക്കിയത്. തേൻ എടുക്കാത്തത് കൊണ്ടാകാം എട്ട് വർഷവും വരവ് മുടക്കിയില്ല. കൂടുകൂട്ടി കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ കൂട് കാലിയാക്കി പറന്നു പോകുകയാണ് പതിവ്. തേനീച്ച വർഗങ്ങളിൽ ഏറ്റവും അപകടകാരികളാണിവ. ഉയരമുള്ള കെട്ടിടങ്ങൾ, പാറക്കെട്ടുകൾ, വൻമരങ്ങൾ എന്നിവിടങ്ങളാണ് ഇഷ്ട സ്ഥലം. ഒറ്റ അട മാത്രമുള്ള കൂടുകെട്ടി താമസിക്കും. പെരുംതേനീച്ചകളെ കൂട്ടിലാക്കി വളർത്താനും സാധിക്കില്ല. കൂടുകൾ ഒറ്റയ്ക്കും കൂട്ടമായും കാണാറുണ്ട്. മറ്റിനങ്ങളേക്കാൾ വലിപ്പമുള്ള കൂടുകളും തേനുത്പാദന ശേഷിയും കൂടുതലാണ്. ഒരു വർഷം ഏകദേശം 25-50 കിലോ തേൻ ഇവ ഉത്പാദിപ്പിക്കാറുണ്ട്. കാട്ടുതേനീച്ച എന്ന പേരിലും അറിയപ്പെടുന്നുണ്ട്.