fishing

കാഞ്ഞങ്ങാട്: നിയമങ്ങളെല്ലാം സാധാരണക്കാർ പാലിക്കട്ടേയെന്ന പോലെയാണ് കടലിലെ സ്ഥിതി. വമ്പൻ ബോട്ടുകളെല്ലാം 12 നോട്ടിക്കൽ മൈൽ (15 കിലോ മീറ്റർ) പുറത്ത് നിന്നേ മീൻ പിടിക്കാവൂ എന്ന നിയമം ലംഘിക്കുകയാണ്. പരമ്പരാഗത മത്സ്യ തൊഴിലാളികളായ വള്ളക്കാരുടെ നെഞ്ചത്തടിച്ചാണ് ഇക്കൂട്ടരുടെ ധിക്കാരം. കടൽ പട്രോളിംഗ് കാര്യക്ഷമമല്ലാത്തതാണ് പ്രശ്നമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. രാത്രിയിലാണ് അനധികൃത മീൻപിടിത്തം വ്യാപകം.

ട്രോളിംഗ് നിരോധനവും കാലാവസ്ഥയിലെ പ്രതിസന്ധിയും കടന്ന് കടലൊന്ന് കനിഞ്ഞ് തുടങ്ങുമ്പോഴാണ് ഇവർക്ക് പുതിയ വെല്ലുവിളി. അതേസമയം കടൽ വഴി അനധികൃത ചരക്കുകടത്തും തുടരുകയാണ്. നികുതിയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട വരുമാനവും ഇങ്ങനെ ചോരുന്നുണ്ട്. ജില്ലയിൽ ഫിഷറീസ് സ്റ്റേഷനു വേണ്ടി കീഴൂരിൽ കെട്ടിടം പൂർത്തിയായിട്ട് മൂന്നു വർഷം കഴിഞ്ഞു. ഇത് ഉദ്ഘാടനം ചെയ്യാനോ ജീവനക്കാരെ നിയമിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.

പട്രോളിംഗിന് നേതൃത്വം കൊടുക്കേണ്ട എഡിയുടെ സീറ്റിൽ ഒരു വർഷമായി ആളില്ല. ഫിഷറീസ് സ്റ്റേഷൻ പ്രവർത്തന ക്ഷമമാക്കി ജീവനക്കാരെ നിയമിച്ചാൽ പരമ്പരാഗത വള്ളങ്ങൾക്ക് സഹായമാകും. നിയമ ലംഘനം തടയാൻ പട്രോളിംഗ് സംവിധാനം ശക്തമാക്കും.

പി.വി സതീശൻ

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ