കൊവിഡ് വൈറസിനെ മനുഷ്യകോശങ്ങളിൽ പുനരുത്പാദനത്തിന് സഹായിക്കുന്ന എൻസൈമിനെ ഇല്ലാതാക്കാൻ ആസ്ത്മക്കും ഹെപ്പറ്റെറ്റിസ് -സി വൈറസിനുമെതിരെ ഉപയോഗിക്കുന്ന മരുന്നുകൾ സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ
കണ്ണൂർ :കൊവിഡിനെ പ്രതിരോധിക്കാൻ ആസ്ത്മ ,മഞ്ഞപ്പിത്തം മരുന്നുകൾക്ക് കഴിയുമെന്ന വാദവുമായി കണ്ണൂർ സർവ്വകലാശാലയിലെ ബയോടെക്നോളജി-മൈക്രോബയോളജി വിഭാഗത്തിലെ അദ്ധ്യാപകരായ ഡോ.സി.സദാശിവൻ,ഡോ.ഇ.ജയദേവി വാരിയർ എന്നിവരും ഒരു കൂട്ടം ഗവേഷകവിദ്യാർത്ഥികളും മോളിക്യുലാർ മോഡലിംഗ് ഉപയോഗിച്ച് തികച്ചും തീയറിറ്റിക്കൽ ഗവേഷണമാണ് ഇവരുടേത്. ബംഗളൂരു ക്രിസ്തു ജയന്തി കോളേജിലെ ഡോ.ദിലീപും പഠനത്തിൽ പങ്കാളിയായിട്ടുണ്ട്
മനുഷ്യരിൽ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട ഒരു മരുന്ന് മറ്റേതെങ്കിലും ഒരു രോഗത്തിന് എതിരെ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുമോയെന്ന് കണ്ടെത്തുന്ന ഡ്രഗ് റീപർപസിംഗ് ഗവേഷണ രീതിയാണ് ഇവർ അവലംബിച്ചത്. കൊവിഡ് വൈറസിനെ മനുഷ്യകോശങ്ങളിൽ പുനരുത്പാദനത്തിന് സഹായിക്കുന്ന എൻസൈമിനെ ഇല്ലാതാക്കാൻ ആസ്ത്മക്കും ഹെപ്പറ്റെറ്റിസ് -സി വൈറസിനുമെതിരെ ഉപയോഗിക്കുന്ന മരുന്നുകൾ സഹായിക്കുമെന്നാണ് ഇവരുടെ വാദം. ഇത് ഒരു സാദ്ധ്യത മാത്രമാണെന്നും തുടർപഠനങ്ങൾ ഇനിയും ആവശ്യമുണ്ടെന്നും ഡോ.സി.സദാശിവൻ പറഞ്ഞു.ഗവേഷക വിദ്യാർത്ഥികളായ അഭിതാജ്,അരുൺ കുമാർ,ശരണ്യ സുരേഷ് എന്നിവരും ഇതിൽ പങ്കാളികളായി.
അൾഷൈമേഴ്സ് മരുന്നിനായും ഗവേഷണം
ഡോ.സദാശിവനും ഡോ.ജയദേവിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജിയിലെ ഡോ. ഓം കുമാറിനൊപ്പം അൾഷൈമേഴ്സിന് ഉപയോഗിക്കാൻ സാധിക്കുന്ന മരുന്നിനെ പറ്റിയും ഗവേഷണം നടത്തിയിട്ടുണ്ട്. 2019 ൽ നടത്തിയ ഗവേഷണത്തിൽ നിശ്ചിത മരുന്നിനെ രാസമാറ്റങ്ങൾ വരുത്തി ലീഡ് മോളിക്യുലർ എന്ന രീതിയിൽ ഭാവിയിൽ ഒരു മരുന്നായി ഉപയോഗിക്കാമെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.
ഡോ.സദാശിവൻ
2003 മുതൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചു വരികയാണ്.എം.ജി യൂണിവേഴ്സ്റ്റിയിൽ മൂന്ന് വർഷം പ്രവർത്തിച്ചിട്ടുണ്ട് .എം.എസ്.സി കെമിസ്ട്രി പഠനം പൂർത്തിയാക്കിയതിന് ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടി.പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടി രണ്ട് വർഷം യു.എസിൽ പ്രവർത്തിച്ചിട്ടുണ്ട്.കോഴിക്കോട് തൊണ്ടയാട് സ്വദേശിയാണ്
ഡോ.ജയദേവി വാരിയർ
.2003 മുതൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസി.പ്രൊഫസറായി പ്രവർത്തിച്ചു വരികയാണ് ഡോ.ജയദേവി വാരിയർ.ഡൽഹി യൂണിവേഴ്സ്റ്റിയിൽ നിന്നും പി.ജി പഠനവും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡിയും പൂർത്തിയാക്കി.കോഴിക്കോട് ചാലപ്പൂറം സ്വദേശിയാണ് .