തളിപ്പറമ്പ്: വെള്ളം കയറി നശിച്ച നെൽകൃഷിക്ക് പുതുജീവൻ പകർന്ന് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം. ചെങ്ങളായിയിലെ കെ.സി. പ്രദീപന്റെ പത്തേക്കർ വരുന്ന സ്ഥലത്താണ് ഇത്തവണ ആഗസ്റ്റ് ആറ് മുതൽ ഒൻപത് വരെ മഴവെള്ളം കെട്ടിക്കിടന്ന് നെൽകൃഷി നശിച്ചത്. വളരെ പ്രതീക്ഷയോടെ ഇത്തവണ ആറോളം വിത്തുകളാണ് പ്രദീപൻ വിതച്ചത്.
ഉമ, ജയ, മണിരത്നം, മഹാമായ, നമ്പ്യാർവട്ടം, കൂട്ടുമുണ്ടകൻ എന്നീ വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. തുടക്കത്തിൽ മികച്ച രീതിയിൽ വളർന്ന നെൽച്ചെടികൾ വയലിൽ വെള്ളംകയറി കെട്ടിനിന്നതോടെയാണ് അഴുകി നശിച്ചു തുടങ്ങിയത്. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞാണ് വയലിൽ നിന്നും വെള്ളം ഒഴിഞ്ഞുപോയതെങ്കിലും പിന്നിട് 3 ദിവസം കൊണ്ട് നെൽച്ചെടികൾ അഴുകാൻ തുടങ്ങി. വേരുകളൊക്കെ പൂർണമായും അഴുകിയനിലയിലായതിനാൽ കടുത്ത ദുർഗന്ധം കാരണം വയലിലേക്ക് പോകാനാവാത്ത സ്ഥിതിയായിരുന്നു.
പത്തേക്കർ സ്ഥലത്തെ കൃഷി പൂർണമായി നശിച്ചതായി തന്നെയാണ് കൃഷി വകുപ്പ് അധികൃതർ ഉൾപ്പെടെ കരുതിയത്. ചെങ്ങളായി കൃഷിഭവന്റെ ചുമതലയുണ്ടായിരുന്ന കുറുമാത്തൂർ കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില അവസാന പരീക്ഷണമെന്ന നിലയിലാണ് പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രം മേധാവിയും പ്രമുഖ കൃഷി ശാസ്ത്രജ്ഞനുമായ ഡോ.പി.ജയരാജിന്റെ സഹായം തേടിയത്.
നെൽവയൽ സന്ദർശിച്ച ഡോ.പി.ജയരാജ് വയലിലെ കടുത്ത ബാക്ടീരിയ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ വലിയ പ്രതീക്ഷകളൊന്നും നൽകിയില്ലെങ്കിലും വയലിൽ വെള്ളം ഒഴുകിയെത്തുന്ന കൈത്തോടുകളിൽ പല ഭാഗങ്ങളിലായി ബ്ലീച്ചിംഗ്പൗഡർ കിഴികെട്ടിയിടാൻ നിർദ്ദേശിക്കുകയായിരുന്നു. നാലരകിലോഗ്രാം ബ്ലീച്ചിംഗ് പൗഡറാണ് വയലിലേക്കുള്ള വെള്ളത്തിൽ 400 ഗ്രാം വീതം കോട്ടൺ തുണിയിൽ കിഴികെട്ടിയിട്ടത്. ഏതാണ്ട് പത്തുദിവസം കൊണ്ടുതന്നെ ബാക്ടീരിയ അണുബാധ പൂർണമായും ഒഴിവായെന്ന് മാത്രമല്ല അൽഭുതപ്പെടുത്തിക്കൊണ്ട് ചീഞ്ഞുനശിച്ച നെൽച്ചെടികൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തിരിക്കുകയാണ്.