കണ്ണൂർ: 'സുന്ദര വില്ലൻ"... കേരളത്തിലെ ജലാശയങ്ങളിലെ പുത്തൻ അവതാരമായ അമേരിക്കൻ അലങ്കാര ആമകൾക്ക് ചേരുന്ന വിശേഷണം ഇതാണ്. ആവാസ വ്യവസ്ഥകയ്‌ക്കു പോലും ഭീഷണിയായ ആമയെ കഴിഞ്ഞ മാസം കണ്ണൂർ കക്കാട് പുഴയിലും തുടർന്ന് കോഴിക്കോട് ചാലിയാർ പുഴയിലും കണ്ടെത്തി.
വിദേശത്ത് നിന്നെത്തുന്നവർ അലങ്കാരത്തിനായി കൊണ്ടുവരുന്ന ഇവയെ മടുത്തു തുടങ്ങുമ്പോൾ പുഴകളിൽ തള്ളുകയാണെന്നാണ് സൂചന. പെറ്റ് ഷോപ്പുകളിൽ നിന്നും ഇവയെ പുഴകളിൽ കളയുന്നുണ്ട്.
അമേരിക്കയിലും മെക്സിക്കോയിലുമാണ് റെഡ് ഈയേർഡ് സ്ലൈഡർ ടർട്ടിൽ എന്ന അലങ്കാര ആമകളുള്ളത്. യൂറോപ്പിൽ പല രാജ്യങ്ങളും ഇവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഇവയുടെ വ്യാപനം തടയാൻ ആസ്ട്രേലിയയിൽ ബോധവത്കരണം നടക്കുന്നുണ്ട്. പൊതുജനാരോഗ്യം കണക്കിലെടുത്ത് അമേരിക്കയിൽ ഇവയെ വീട്ടിൽ വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്.
പൂർണ വളർച്ചയാവുമ്പോൾ ആമയ്ക്ക് ആറു കിലോഗ്രാം വരെ ഭാരമുണ്ടാകും.ചെവിയുടെ ഭാഗത്ത് കടും ചുവപ്പു നിറത്തിൽ വരകളുമുണ്ടാവും. അതുകൊണ്ടാണ് ഇവയെ റെഡ് ഇയേർഡ് സ്ലൈഡർ എന്നറിയപ്പെടുന്നത്.
രോഗ വാഹകൻ
അലങ്കാര ആമയുടെ സാന്നിദ്ധ്യം തനതു ആമകളുടെ ജൈവ ആവാസ വ്യവസ്ഥയെ കീഴടക്കും. കേരളത്തിലെ പുഴകളിലുള്ള സോഫ്ട് ഷെൽഡ് ആമകളുടെ നാശത്തിന് കാരണമാകും
സാൾമൊണെല്ല ബാക്ടീരിയയുടെ വാഹകരായ ആമകളിലൂടെ മനുഷ്യരിൽ സാൾമൊണെല്ലോസിസ് രോഗം (കുടലിനെ ബാധിക്കുന്നത്) പകരുന്നതായും പഠന റിപ്പോർട്ടുകളുണ്ട്
പെട്ടെന്ന് പെരുകുന്ന ഈ ആമകൾ കിണറുകളിലെത്തിയാണ് കൂടുതൽ അപകടം. ഒരു തവണ 30 മുട്ടകൾ വരെ ഇടും. 60 ദിവസം കൊണ്ട് വിരിയും. 30 വർഷം വരെയാണ് ആയുസ്
വേണ്ടത് നിരോധനം
അമേരിക്കൻ ആമയെ നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. പെറ്റ് ഷോപ്പുകളിലടക്കം ഇവയുടെ വില്പന നിരോധിക്കണം.
'ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ (ഐ.യു.സി.എൻ) തയ്യാറാക്കിയ പട്ടികയിൽ ഏറ്റവും അപകടകരമായ കടന്നുകയറ്റമുള്ള നൂറു ജീവികളിലൊന്നാണ് ഈ ആമകൾ.
- ഡോ. പി.വി. മോഹനൻ, പരിസ്ഥിതി പ്രവർത്തകൻ