പഴയങ്ങാടി: മാടായി പഞ്ചായത്തിൽ മുസ്ലീം ലീഗിലെ വിഭാഗീയത വ്യാപിക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. വാടിക്കൽ, മുട്ടം മേഖലകളിലേക്ക് കൂടി എതിർസ്വരം വ്യാപിച്ചതാണ് വെല്ലുവിളി. ലീഗിന്റെ ശക്തി കേന്ദ്രമായ വാടിക്കലിൽ വർഷങ്ങളായി ശാഖ കമ്മിറ്റി പ്രവർത്തനം പോലുമില്ലാത്ത വിധമാണ് ആഭ്യന്തര സംഘർഷം. പ്രശ്നം പരിഹരിക്കാൻ പല തവണ ഇടപെട്ടെങ്കിലും അണികൾ ഉന്നയിക്കുന്ന ഉപാധികൾ അംഗീകരിക്കാൻ നേതൃത്വത്തിലെ ഒരുവിഭാഗം മടിക്കുന്നത് കീറാമുട്ടിയാകുന്നു. നിലവിലെ പഞ്ചായത്ത് കമ്മിറ്റിയെ പിരിച്ച് വിട്ട് പുതിയ കമ്മിറ്റിയെ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചതാണ് മുട്ടത്തെ വിഭാഗീയതയ്ക്ക് കാരണം. ഇതിൽ അനർഹരെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം. ഇതിനകം വിളിച്ച രണ്ട് യോഗങ്ങളിലും മുട്ടത്ത് നിന്നുള്ള രണ്ട് സഹ ഭാരവാഹികൾ പങ്കെടുക്കാതെ മാറി നിന്നു. പഞ്ചായത്തിന്റെ മൂന്ന് മേഖലകളിൽ രണ്ടിലും വിഭാഗിയത മൂർച്ഛിക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ വിയർക്കുകയാണ് നേതൃത്വം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തുമ്പോഴാണ് ഈ അവസ്ഥ. ഇതാണ് സ്ഥിതിയെങ്കിൽ വിഭാഗിയത കാരണം യു.ഡി.എഫിന് പഞ്ചായത്ത് ഭരണം പോലും നഷ്ടപ്പെട്ടേക്കാമെന്നാണ് ആശങ്ക.