pic

കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ പ്രതിയായ ജൂവലറി നിക്ഷേപ ഇടപാട് കേസിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ച സമവായ നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് പണം നിക്ഷേപിച്ച് വഞ്ചിതരായവർ. കേസുകൾ വന്ന ഘട്ടത്തിൽ നാലുമാസം കൊണ്ട് പണം കൊടുത്തു തീർക്കും എന്ന് എം.എൽ.എ പ്രസ്താവിച്ചിരുന്നു. ഇപ്പോൾ ലീഗ് നേതൃത്വം പറയുന്നത് ആറുമാസംകൊണ്ട് പണം മുഴുവൻ കൊടുത്തു തീർക്കാൻ നിർദ്ദേശിച്ചു എന്നാണ്. ഇതുതന്നെ ഞങ്ങളെ കബളിപ്പിക്കാനാണ്. ആറുമാസം കഴിഞ്ഞ് പണം കിട്ടും എന്ന് എന്താണ് ഉറപ്പുള്ളതെന്നും നിക്ഷേപകർ ചോദിക്കുന്നു. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും പണം നിക്ഷേപമായി നൽകിയ ചെറുവത്തൂർ കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂറും പടന്നയിലെ നസീമയും പറഞ്ഞു.

ആറു മാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചു നൽകണമെന്ന് ലീഗ് സംസ്ഥാന നേതൃത്വം ഇന്നലെ ഖമറുദ്ദീന് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 30 നകം ആസ്തി വിവരങ്ങൾ പാർട്ടിക്ക് കൈമാറണം. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി പണം കൊടുക്കാനുള്ളവരുമായി മദ്ധ്യസ്ഥത വഹിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ലീഗിന്റെ പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് പണം നിക്ഷേപിച്ചവരിൽ ഭൂരിഭാഗവുമെന്നത് കൊണ്ടാണ് പ്രശ്ന പരിഹാരത്തിന് ലീഗ് നേതൃത്വം ഫോർമുല മുന്നോട്ട് വച്ചത്. ഫാഷൻ ഗോൾഡ് ജൂവലറിയുമായി ബന്ധപ്പെട്ട മുഴുവൻ കടങ്ങളും ഖമറുദ്ദീൻ എം.എൽ.എ സ്വന്തമായി നൽകണമെന്നാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടത്. കാസർകോട് ജില്ലാ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷമാണ് തീരുമാനം അറിയിച്ചത്. പാർട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും നേതാക്കൾ വ്യക്തമാക്കി.

ആറു മാസത്തിനകം മുഴുവൻ കടവും വീട്ടണം. ഇതിനു മുഴുവൻ ആസ്തിയും ബന്ധുക്കളുടെ സ്വത്തും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

മൂന്ന് കേസുകൾ കൂടി

ജൂവലറി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തു. 88 ലക്ഷം രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയിലാണ് പുതിയ കേസുകൾ.ഇതോടെ പരാതി നൽകിയവരുടെ എണ്ണം 36 ആയിട്ടുണ്ട്. കേസുകൾ ക്രൈംബ്രാഞ്ച് കണ്ണൂർ എസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ ഏറ്റെടുക്കും. കണ്ണൂർ, കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പിമാരും സംഘത്തിലുണ്ടാകും.