കണ്ണൂർ:"ആയിരം വില്ലൊടിഞ്ഞു ആരോമന മെയ് മുറിഞ്ഞു
ആശ്രമക്കിളി നിന്നെ എയ്തെയ്തൊരു... "
എന്നു പാടിക്കൊണ്ട് വെള്ളിത്തിരയിൽ നായികയുടെ കാമുകനായ പട്ടാളക്കാരൻ, സ്വപ്ന നായകനായി സ്ക്രീനിൽ തെളിയുകയാണ്. വയലാർ എഴുതി ദേവരാജൻ മാഷ് സംഗീതം പകർന്ന സിനിമഗാനം. ജയഭാരതി നായികയായ അക്കരപ്പച്ചയാണ് ചിത്രം. നായകൻ പുതുമുഖ നടൻ സുനിൽ. ഇന്നലെ വിടപറഞ്ഞ കണ്ണൂർ സ്വദേശിയായ ജബ്ബാർ എന്ന നടനെ അറിയുന്നവരുടെ മനസ്സിൽ തെളിയുന്ന ചിത്രമാണിത്.
വളപട്ടണം മന്നയിലെ കെ.എസ്. മൊയ്തുവിന്റെയും മറിയുമ്മയുടെയും ഏകമകൻ ജബ്ബാറിൽ നിന്നു നാടറിയുന്ന അക്കരപ്പച്ചയിലെ സുനിലിലേക്കുള്ള ദൂരം ഒരു സ്വപ്നസഞ്ചാരമായിരുന്നു. കണ്ണൂർ എൻ.എസ്. ടാക്കീസിലും ചിറക്കൽ പ്രകാശിലും അക്കരപ്പച്ച സിനിമ കാണാൻ വളപട്ടണത്തെ ആബാലവൃദ്ധം അന്ന് ഒഴുകിയെത്തി. വളപട്ടണത്തെ ജബ്ബാർ സിനിമയിൽ എത്തിയപ്പോൾ സുനിലായി.
സിനിമയിൽ സത്യൻ തിളങ്ങി നിൽക്കുന്ന കാലം. പുതുമുഖ നടന്മാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ജബ്ബാർ അപേക്ഷിച്ചതാണ്. തിരഞ്ഞെടുക്കപ്പെട്ടു. സത്യൻ മാഷുടെ സഹോദരൻ സത്യനേശൻ സംവിധാനം ചെയ്യുന്ന അക്കരപ്പച്ച സിനിമയിൽ ജയഭാരതിയുടെ കാമുകനായി വേഷം കിട്ടി. ജബ്ബാർ എന്നതിനെക്കാൾ സിനിമയിൽ സുനിൽ എന്ന പേരാണ് ഗുണം ചെയ്യുകയെന്ന് സത്യൻ മാഷ് പറഞ്ഞു. അന്നു മുതൽ വളപട്ടണത്തെ ജബ്ബാർ സിനിമാ നടൻ സുനിലായി.
പാറപ്പുറത്തിന്റെ ചന്ത എന്ന നോവലാണ് അക്കരപ്പച്ച എന്ന സിനിമയായി മാറ്റിയത്. ഡി.കെ. പൊറ്റെക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റയിൽ ജബ്ബാർ പട്ടരുടെ കുട്ടിയായി അഭിനയിച്ചിട്ടുണ്ട്. 30 ഓളം സിനിമകളിൽ ജബ്ബാർ വേഷമിട്ടു. ഐ.വി.ശശിയുടെ രണ്ടു മൂന്നു പടങ്ങളിലും തിളങ്ങി. ജബ്ബാർ എഴുതിയ കഥകൾ സിനിമകളായി. കെ.പി. ജയൻ സംവിധാനം ചെയ്ത ഉരുക്കുമുഷ്ടികൾ, ബേബി സംവിധാനം ചെയ്ത ശരവർഷം, പി. സുരേന്ദ്രന്റെ കുളപ്പടവുകൾ, ഐ.വി. ശശിയുടെ അയൽക്കാരി, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമലഹാസനും ശ്രീദേവിക്കൊപ്പം ആനന്ദം പരമാനന്ദം, പി. ഭാസ്കരൻ മാസ്റ്ററുടെ ജഗദ് ഗുരു ആദിശങ്കരൻ- നായകനായും ഉപനായകനായും അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. മമ്മുട്ടി, സുകുമാരൻ, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവർഷം , ഉരുക്കുമുഷ്ടികൾ, കുളപ്പടവുകൾ, അനന്തം അജ്ഞാതം തുടങ്ങി നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.