house

കണ്ണൂർ: തീരദേശ നിയമ പരിധിക്കുള്ളിലെ വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതിയിലൂടെ പുതിയ സ്ഥലം കണ്ടെത്താൻ സാധിക്കാത്തത് ഗുണഭോക്താക്കൾക്ക് വെല്ലുവിളിയാകുന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോയി വരാനുള്ള സൗകര്യം കണക്കിലെടുത്തും തീരദേശ പരിപാലന നിയമ പ്രകാരവും തീരദേശത്ത് താമസിക്കുന്നവർക്ക് 200 മീറ്ററിന് പുറത്താണ് പുതിയ സ്ഥലം കണ്ടെത്തേണ്ടത്. എന്നാൽ അത്തരത്തിലുള്ള സ്ഥലം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് തുറന്നുപറഞ്ഞിരിക്കുകയാണ് മിക്ക ഗുണഭോക്താക്കളും. പദ്ധതിപ്രകാരം 10 ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിനു ലഭിക്കുക.

കണ്ണൂർ കോർപ്പറേഷൻ,തലശ്ശേരി നഗരസഭ എന്നിവിടങ്ങളിൽ 200 മീറ്ററിനു പുറത്ത് സ്ഥലം വാങ്ങണമെങ്കിൽ സെന്റിന് രണ്ടു ലക്ഷത്തിന് മുകളിൽ നൽകേണ്ടിവരും. മൂന്ന് സെന്റ് സ്ഥലത്തിന് ഇത്തരത്തിൽ ആറ് ലക്ഷം രൂപ മുടക്കേണ്ടി വരും. ബാക്കി നാലു ലക്ഷം കൊണ്ട് വീട് പണി പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ഗുണഭോക്താക്കൾ പറയുന്നു..

തീരത്തിന് 200 മീറ്റർ പുറത്ത് സർക്കാർ ഭൂമികളൊന്നും തന്നെ ഇല്ലെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള സർക്കാർ ഭൂമിയെങ്കിലും കിട്ടിയാൽ വാഹനമുള്ളവർക്ക് കടലിൽ പോയി വരാൻ എളുപ്പമാണെന്നാണ് ഗുണഭോക്താക്കളും പറയുന്നത്.

പുനർഗേഹം

വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെയാണ് പദ്ധതിയിലൂടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നത്.മൂന്ന് സെന്റ് സ്ഥലമാണ് ഒരാൾക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുന്നത്. മൂന്ന് സെന്റ് സ്ഥലം വാങ്ങാൻ പരമാവധി ആറ് ലക്ഷം രൂപയും വീടിന്റെ പണിക്കായ് നാല് ലക്ഷം രൂപയും ചേർത്ത് 10 ലക്ഷം രൂപയാണ് ലഭിക്കുന്നത്. വ്യക്തിഗത വീട് നിർമ്മാണം, ഫ്ലാറ്റ് സമുച്ചയ നിർമ്മാണം എന്നീ രീതികളാണ് നടപ്പിലാക്കുന്നത്. ജില്ലയിൽ ഫ്ലാറ്റ് നിർമ്മാണത്തിനുള്ള നടപടികളൊന്നുമായിട്ടില്ല.

ജില്ലയിലെ ഗുണഭോക്താക്കൾ 555

ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞവർ 20