കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ ദുരിതത്തിലായ കോലധാരികളെ സഹായിക്കണമെന്ന് ഈ രംഗത്തെ സംഘടനകൾ ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തെയ്യക്കാലം പൂർണ്ണമായും നഷ്ടപ്പെട്ട തെയ്യം മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തെയ്യക്കാരും സഹായികളും ഏറെ ദുരിതത്തിലാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മടപ്പുരകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും പട്ടിണിയിലാണ്.

തെയ്യം കെട്ടലുമായി ബന്ധപ്പെട്ട് തുച്ഛമായ വരുമാനത്തിൽ കഴിയുന്ന ഭൂരിഭാഗം തെയ്യക്കാരും ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ പ്രഖ്യാപിച്ച ധനസഹായമാകട്ടെ അധികൃതരുടെ അനാസ്ഥ കാരണം ഇതുവരെ ലഭിച്ചിട്ടില്ല. തെയ്യക്കാർക്ക് മറ്റുതൊഴിലുകൾ ചെയ്യാൻ അറിയാത്തതുകാരണം പലരും പട്ടിണിയിലാണ്. കൊവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ട് തെയ്യക്കാർക്ക് കാവുകളിലും തറവാടുകളിലും തെയ്യം കെട്ടാനുള്ള അനുമതി നൽകണമെന്നും തെയ്യക്കാരെ പ്രത്യേക സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുത്തി സൗജന്യ റേഷനും ചികിത്സാ ധനസഹായവും അടിയന്തരമായും നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.

നോമ്പ് നോറ്റ് മുത്തപ്പൻ കെെട്ടിയാടുന്ന കോലധാരികൾ മറ്റു ജോലികൾക്ക് പോകാറില്ല. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റു ജോലികൾ ചെയ്യേണ്ട സ്ഥിതിയിലാണ്. തങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെടുന്നു.