തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്ന മീലിയാട്ട് ഭാഗത്തെ വീടുകളിൽ മഴവെള്ളം ഇരച്ചുകയറുന്നത് പ്രദേശവാസികളുടെ നിത്യജീവിതം ദുസ്സഹമാക്കുന്നു. ഏകദേശം അറുപതോളം വീടുകളാണ് വെള്ളക്കെട്ടു ഭീഷണി നേരിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴ മീലിയാട്ടെ നിരവധി കുടുംബങ്ങളെ ശരിക്കും ബാധിച്ചിരിക്കയാണ്. വീടിന്റെ കോലായിൽ നിന്ന് വെള്ളക്കെട്ടിലേക്ക് കാലെടുത്തു വെക്കാതെ ഇവിടുത്തെ കുടുംബങ്ങൾക്ക് പുറത്തെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അഴുക്കുചാലിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് പിന്നിൽ. പടന്ന പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ നിന്നാരംഭിച്ച് മണിയനൊടി വഴി സഞ്ചരിച്ച് മീലിയാടുകൂടി കടന്നു പോകുന്ന തോട്ടിലെ ചെളിയും കാടുമൊക്കെ നീക്കം ചെയ്യുന്നതോടൊപ്പം, സ്വകാര്യ വ്യക്തിയുടെ തോട് കൈയേറ്റവും തടയാത്തതാണ് പ്രശ്നത്തിന് പ്രധാന കാരണമെന്നാണ് നാട്ടുകാർ പരാതി പറയുന്നത്.
തൊഴിലുറപ്പുകാരും വന്നില്ല
കഴിഞ്ഞതവണ വരെ തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കി വെള്ളം ഒഴുകാനുള്ള സൗകര്യമൊരുക്കിയിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
അഞ്ച് മീറ്ററോളം വീതിയുണ്ടായിരുന്ന തോട് കൈയേറി മതിലും അനധികൃത നിർമ്മാണവും നടത്തിയതോടെ തോടിന്റെ വീതി പലയിടത്തും ഒരു മീറ്ററായി ചുരുങ്ങി. ഇതാണ് നീരൊഴുക്ക് നിലയ്ക്കാൻ കാരണം.
നാട്ടുകാർ