olat
ഓലാട്ട് ക്ഷീരസംഘത്തിന്റെ പച്ചക്കറി വിപണനം ഉദ്ഘാടനം

കാസർകോട്: നാട്ടിൻപുറത്തെ കടകളിൽ പച്ചക്കറിയും പഴങ്ങളും എത്തിക്കുന്ന കർഷകർ നിറ കണ്ണുകളോടെയാകും മടങ്ങുക. മണ്ണിൽ ചോര നീരാക്കി വിളയിച്ചവയെ കുറ്റംനിരത്തി വിലകുറയ്ക്കുന്നതും ഉപഭോക്താക്കൾക്ക് ഇരട്ടി വിലയ്ക്ക് വിൽക്കുന്നതും പതിവ് കാഴ്ചയാണ്. അത്തരം ചൂഷകരോട് നിങ്ങൾക്ക് വിൽക്കാൻ മനസില്ലെന്ന് പറയാൻ കർഷകർക്ക് ധൈര്യം പകർന്ന് ബദൽ സാദ്ധ്യത ഒരുങ്ങി.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് സ്വന്തം ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാവുന്ന സംരംഭം തുടങ്ങിയത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് തന്നെ വില നിശ്ചയിച്ച് നേരിട്ട് വിൽക്കാനാകും. ചെറുകിട കർഷകരുടെ പച്ചക്കറി, പഴവർഗ്ഗങ്ങൾ, മുട്ട എന്നിവ ക്ഷീര സഹകരണ സംഘങ്ങൾ വഴിയാണ് വിൽക്കുക. കുറഞ്ഞ അളവിലുള്ള ഉത്പന്നങ്ങളും വിൽക്കാം. ചന്തയിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ 90ശതമാനം വില കർഷകർക്ക് ലഭിക്കും.

വിറ്റ് പോകാത്തവ നശിച്ച് പോകുന്നതിന് മുൻപ് കർഷകർ തിരിച്ച് കൊണ്ടുപോകണം. ഇവിടെ പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾ മാത്രമേ സ്വീകരിക്കൂ. ആദ്യ സംരംഭമായി ഓലാട്ട് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലാ കളക്ടർ ഡി. സജിത്ബാബു ഉദ്ഘാടനം ചെയ്തു. നാടൻ വിഭവങ്ങളായ ഇലക്കറികളുടേയും പപ്പായ, വഴുതന, പച്ചക്കായ, താളിൻ തണ്ട്, കാന്താരി തുടങ്ങിയ പച്ചക്കറികളുടേയും മുട്ട, നാളികേരം തുടങ്ങിയവയുടേയും ആദ്യ വിപണനം ഉദ്ഘാടന വേദിക്കരികിൽ സജ്ജീകരിച്ച സ്റ്റാളിൽ നടന്നു. പദ്ധതി കൂടുതൽ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു.