പഴയങ്ങാടി: പിലാത്തറ -പാപ്പിനിശേരി കെ.എസ്.ടി.പി റോഡിൽ താവം റെയിൽവേ മേൽപാലത്തിൽ തകരാറിലായ എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടി.വി രാജേഷ് എം.എൽ.എയുടെ നിർദേശ പ്രകാരം കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥർ മേൽപാലത്തിൽ പരിശോധനകൾ നടത്തി. ഈ ഭാഗത്തിന്റെ പ്രവൃത്തി റെയിൽവേയാണ് നിർവഹിച്ചത്. ഇതിനാൽ പ്രശ്ന പരിഹാരത്തിന് പാലക്കാട് റെയിൽവേ സീനിയർ ഡിവിഷണൽ എൻജിനിയർക്ക് എം.എൽ.എ കത്ത് നൽകിയിരുന്നു.
എന്നാൽ മെയിന്റനൻസ് പ്രവൃത്തി റെയിൽവേക്ക് നിർവഹിക്കാൻ സാധിക്കില്ല എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കെ.എസ്.ടി.പിക്കും എം.എൽ.എ കത്ത് നൽകുകയായിരുന്നു. ജോയിന്റ് വെൽഡ് ചെയ്ത് കെ.എസ്.ടി.പി വിഭാഗം താൽകാലിക പരിഹാരം ഉണ്ടാക്കിയിരുന്നുവെങ്കിലും അപാകതകൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. നിലവിലെ അവസ്ഥയിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത കണക്കിലെടുത്ത് വേഗത്തിൽ എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശം കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് അംഗീകരിച്ചു. എത്രയും വേഗത്തിൽ ജോയിന്റ് മാറ്റി സ്ഥാപിക്കുമെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനിയർ വി.എസ് മനീഷ അറിയിച്ചു. അസി. എൻജിനിയർ കെ.എം മനോജും സംഘത്തിലുണ്ടായിരുന്നു.