ആലക്കോട്: അഞ്ഞൂറോളം കവർച്ചാ കേസുകളിൽ പ്രതിയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവ് അടുത്തയിടെ നടത്തിയ കവർച്ചാ കേസിൽ വീണ്ടും അറസ്റ്റിൽ. കണ്ണൂർ പുലിക്കുരുമ്പയ്ക്കടുത്തുള്ള വേങ്കുന്ന് കവല സ്വദേശി തൊരപ്പൻ സന്തോഷ് എന്ന നെടുമല സന്തോഷ് (38))നെയാണ് ആലക്കോട് ഐ.പി കെ.ജെ വിനോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 27 ന് പുലർച്ചെ വായാട്ടുപറമ്പ് കവലയിലെ പുത്തൻപുരയിൽ ട്രേഡേഴേസ് എന്ന മലഞ്ചരക്ക് കടയുടെ ഷട്ടർ ലോക്ക് തകർത്ത് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലവരുന്ന 10 ചാക്ക് കുരുമുളക് കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യ പ്രതിയായ സന്തോഷിന് ഇന്നലെ രാവിലെ കണ്ണൂർ താണയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ഈ കേസിലെ കൂട്ടുപ്രതിയും നിരവധി കവർച്ചാകേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളുമായ കുറുമാത്തൂർ സ്വദേശിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർ കവർച്ചയ്ക്കായി വാടകയ്‌ക്കെടുത്ത ഇന്നോവ കാർ ബക്കളത്തു നിന്നും പോലീസ് നേരത്തെ കസറ്റഡിയിലെടുത്തിരുന്നു. കവർച്ച ചെയ്ത കുരുമുളക് ഇരിട്ടി, കോളിക്കടവ്, മണത്തണ എന്നിവിടങ്ങളിലെ മൂന്ന് കടകളിലായി വില്പന നടത്തിയത് കണ്ടെടുത്തിട്ടുണ്ട്. കവർച്ചാസമയത്ത് കടയ്ക്കുള്ളിൽ മേശയ്ക്കടിയിൽ സ്ഥാപിച്ചിരുന്ന സി സി ടി വി കാമറ തകർത്തിരുന്നു. എന്നാൽ അടുത്ത മുറിയിലെ സ്ഥാപനത്തിൽ നിന്നുമുള്ള സി സി ടി വി കാമറ മലഞ്ചരക്ക് കടയിലും കടയ്ക്കു പുറത്തും സ്ഥാപിച്ചിരുന്നതിനാൽ ഇതിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പ്രതികളെ തിരിച്ചറിയുന്നതിൽ നിർണ്ണായക തെളിവായി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.