കണ്ണൂർ: വസ്ത്രവ്യാപാരം തുടങ്ങുന്നതിൽ പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 18.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്. കോഴിക്കോട് കാർത്തികപള്ളി വല്യാപ്പള്ളിയിലെ നെരോത്ത് പറമ്പത്ത് അഷ്റഫ് (49), ഭാര്യ ജസ്‌‌ല (48) എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.

കണ്ണോത്തുംചാലിൽ താമസക്കാരനായ മാതമംഗലം സ്വദേശി കളരിക്കണ്ടി ആരിഫാണ് പരാതിക്കാരൻ. കണ്ണൂർ മാളിൽ ഒരു റീട്ടെയിൽ സ്ഥാപനത്തിന്റെ ടെക്സ്റ്റൈയിൽ ഷോറൂം തുടങ്ങാൻ പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. 2016 ഏപ്രിൽ 24ന് 3.5 ലക്ഷവും മേയ് 10ന് ഏഴര ലക്ഷത്തിന്റെ രണ്ട് ചെക്കുകളും നൽകിയതായി പറയുന്നു. മാത്രമല്ല സ്ഥാപനം ഒരുക്കുന്നതിനായി 25 ലക്ഷം രൂപയുടെ മറ്റ് ബാദ്ധ്യതകൾ ഉണ്ടായെന്നും പരാതിയിൽ പറയുന്നു. എന്നാൽ സ്ഥാപനം തുടങ്ങുകയോ വാങ്ങിയ പണം തിരിച്ച് നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.