തൃക്കരിപ്പൂർ : ഇടയിലെക്കാട് ബണ്ടിന് മുകളിൽ രണ്ടുദിവസം മുൻപ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നശിപ്പിച്ച നിലയിൽ. ബണ്ടിന് മുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മറ്റു വാഹന, കാൽനട യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ചന്തേര പൊലീസ് ഇടയിലെക്കാട് ജാഗ്രതാ സമിതിയുടെ സഹകരണത്തോടെ രണ്ട് ബോർഡുകൾ സ്ഥാപിച്ചത്.
പുഴയിൽ മത്സ്യം പിടിക്കാൻ എത്തുന്നവരും കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരുമൊക്കെ വീതി കുറഞ്ഞ ബണ്ടിന് മുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് പലപ്പോഴും മറ്റു യാത്രക്കാരുമായുള്ള വാക്ക് തർക്കത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കിയ പ്രദേശം കൂടിയാണിത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ഇരുട്ടിന്റെ മറവിൽ ബോർഡുകൾ നശിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.