കണ്ണൂർ: ഓണക്കിറ്റ് വിതരണത്തിന്റെ കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ കിറ്റ് ലഭിക്കാതെ നിരവധി പേർ. റേഷൻ കടയിൽ എത്തിയ പലരും കഴിഞ്ഞ ദിവസങ്ങളിൽ വെറും കൈയോടെ മടങ്ങി. നീല, വെള്ള കാർഡുകാർക്കാണ് കിറ്റ് ഇനിയും ലഭിക്കാനുള്ളത്.
ഡാറ്റാ എൻട്രി കൃത്യമായി നടത്താത്തതിനെ തുടർന്നാണ് കിറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതെന്നാണ് ആക്ഷേപം. ഒാണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഒാണക്കിറ്റ് കിട്ടാത്തതിൽ വ്യാപക പരാതിയും ഉയരുന്നുണ്ട്. ഇ പോസ് ബില്ലിൽ ഫ്രീ കിറ്റ് എന്ന് രേഖപ്പെടുത്താത്തതിനാലാണ് പലർക്കും കിറ്റ് നൽകാൻ കഴിയാത്തതെന്നാണ് റേഷൻ കടയുടമകളുടെ വിശദീകരണം. അതുകൊണ്ട് ബില്ലടിക്കാനും കഴിയുന്നില്ലെന്ന് ഇവർ പറയുന്നു. ജൂലായിൽ റേഷൻ വാങ്ങിയ ആളുകൾക്ക് മാത്രം കിറ്റ് വിതരണം ചെയ്യുവാനായിരുന്നു സർക്കാർ ആദ്യം നിർദേശിച്ചത്. പിന്നീട് ആ തീരുമാനം മാറ്റി എല്ലാവർക്കും കിറ്റ് നൽകണമെന്ന് തീരുമാനിക്കുകയായിരുന്നു.
കണ്ടെയ്ൻമെന്റ് ഏരിയയിലുളള കിറ്റ് പായ്ക്ക് ചെയ്യുന്ന സ്ഥലങ്ങൾ അടച്ചതും ജീവനക്കാർ ക്വാറന്റൈനിൽ പോയതും കിറ്റ് വിതരണത്തിന് തടസ്സമാവുന്നുണ്ട്. ഇതേ തുടർന്ന് ഇന്നലെ തോട്ടട മാവേലി സ്റ്റോറും പായ്ക്കിംഗ് സെന്റർ ആയ തോട്ടട ആശ്രയ കോളേജും അണുവിമുക്തമാക്കിയിരുന്നു. കിറ്റ് വിതരണം ചെയ്യുന്നതിനുള്ള കാലാവധി നീട്ടാൻ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട് .
കിറ്റ് ലഭിച്ചത് ബി.പി.എൽ കാർഡുടമകൾക്ക് മാത്രം
നിലവിൽ ബി.പി.എൽ കാർഡുടമകൾക്ക് മാത്രമാണ് മുഴുവനായും ഓണക്കിറ്റ് ലഭിച്ചത്. ആഗസ്ത് 14 മുതലായിരുന്നു ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. 14 മുതൽ 22 വരെ പിങ്ക് കാർഡുടമകൾക്കായിരുന്നു വിതരണം. എന്നാൽ പറഞ്ഞത് പ്രകാരമുള്ള വിതരണം നടന്നില്ലെന്നാണ് ആക്ഷേപം. ഓണത്തിന് തലേ ദിവസമാണ് പലയിടത്തും പിങ്ക് കാർഡുടമകൾക്ക് കിറ്റ് ലഭിച്ചത്.
ജില്ലയിലെ പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് ഏരിയ ആയതിനാൽ അവിടങ്ങളിലെ കിറ്റ് മാത്രമാണ് എത്താൻ ബാക്കിയുള്ളത്. തോട്ടട,തയ്യിൽ തുടങ്ങി കുറച്ച് സ്ഥലങ്ങളിലെ റേഷൻ കടകളിൽ സാധനം എത്താത്തതും ഇതു കൊണ്ടാണ്. ബന്ധപ്പെട്ട സപ്ലൈ ഒാഫീസർമാർ അറിയിക്കുന്ന മുറക്ക് കിറ്റ് നൽകും-സപ്ലൈകോ അധികൃതർ