കാഞ്ഞങ്ങാട്: കപടവാദങ്ങളുന്നയിച്ച് ജനങ്ങളെയും സർക്കാരുകളെയും മറ്റ് ചികിത്സാ ശാസ്ത്രങ്ങളെയും ചില അലോപ്പതി വിഭാഗം ഡോക്ടർമാർ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപത്സ് കേരള സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. വിവേക് സുധാകരൻ കുറ്റപ്പെടുത്തി. ജനങ്ങൾക്കാവശ്യം ചികിത്സാസമന്വയവും ആരോഗ്യ സ്വാതന്ത്ര്യവുമാണ്. കൊവിഡിന് നിലവിൽ അലോപ്പതി ചികിത്സ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാൻ പാടില്ലെന്ന നിബന്ധന ഒഴിവാക്കി ഹോമിയോ ഡോക്ടർമാർക്കും കൊവിഡ് രോഗികളെ ചികിത്സിക്കാൻ അനുവാദം നൽകണമെന്ന് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഏതുതരം ചികിത്സ വേണമെന്ന് തിരഞ്ഞെടുക്കുന്നതിനുള്ള മൗലികാവകാശം രോഗിക്കു മാത്രമാണ്. എന്നാൽ ചില അലോപ്പതി ഡോക്ടർമാർ ആരോഗ്യ മേഖലയെ കുത്തകവത്കരിച്ചിരിക്കുകയാണ്. സർക്കാരുകളെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഭാഗത്താക്കുന്ന ചിലരാണ് ഹോമിയോ ചികിത്സാ വിഭാഗത്തെ തള്ളിപ്പറയുന്നതെന്നും ഡോക്ടർ വിവേക് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി.എസ് ഹാരിസൺ ,ഡോ. നിതാന്ത് ബാലശ്യാം, ഡോ.എം.പി ജയശങ്കർ എന്നിവരും സംബന്ധിച്ചു. അലോപ്പതി വിഭാഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഹോമിയോ ഡോക്ടർമാർ കരിദിനം ആചരിച്ചു.