കണ്ണൂർ : ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര തീരദേശ റോഡിലെ തൈവളപ്പിൽ ടി.വി.ശരത്തിനെ (30)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കുവൈറ്റിൽ എൻജിനിയറായി ജോലി ചെയ്തിരുന്ന ശരത്ത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. കുഞ്ഞിമംഗലത്തെ ചെത്ത് തൊഴിലാളിയായ രവീന്ദ്രന്റെയും സംസ്ഥാന സഹകരണ ബാങ്ക് പെരുമ്പ ശാഖയിലെ കളക്ഷൻ ഏജന്റ് ശകുന്തളയുടെയും മകനായ ശരത് കഴിഞ്ഞ 28നാണ് നാട്ടിലെത്തിയത്. സമീപത്തുള്ള മറ്റൊരു വീട്ടിലായിരുന്നു ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. ഇന്നലെ ക്വാറന്റൈൻ അവസാനിക്കാനിരിക്കെയുള്ള ശരത്തിന്റെ മരണം, ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്നു പൊലീസ് കത്രിക കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. മരണത്തിൽ അസ്വഭാവികത ഉണ്ടോയെന്ന് പയ്യന്നൂർ പൊലീസ് അന്വേഷിച്ച് വരികയാണ്. വിദ്യാർത്ഥിയായ ഷാരോൺ ഏക സഹോദരനാണ്.