കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം തകർത്തെറിഞ്ഞ തൊഴിൽ മേഖലകളിൽ തയ്യൽ തൊഴിലാളികളും. ഇവർക്ക് കുറച്ച് കൂടുതൽ തൊഴിൽ ലഭിക്കുന്ന ഉത്സവങ്ങളൊക്കെയും ലോക്ക് ഡൗൺ കാലത്തായതാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സീസൺ കാലത്ത് ഒരു വർഷത്തെ വരുമാനം നേടിയാൽ മാത്രമേ വർഷം മുഴുവൻ തൊഴിലാളി കുടുംബങ്ങൾക്ക് തള്ളിനീക്കാനാകൂ. ഈ പ്രതീക്ഷകൾക്ക് മുകളിലാണ് കൊവിഡ് കരിനിഴൽവീഴ്ത്തിയത്.
പ്രതിസന്ധിയിൽ നിന്ന് കര കയറാൻ എന്തുജോലികളും ചെയ്യാൻ തയ്യാറായി പലമേഖലയിലേക്കും തിരിഞ്ഞിരിക്കുകയാണ് തയ്യൽ തൊഴിലാളികൾ.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡുണ്ടെങ്കിലും അതിന്റെ പ്രയോജനമൊന്നും കൃത്യമായി തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന പരാതി ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ പലരും അതിൽ അംഗവുമല്ല. ഗൾഫിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് തയ്യൽകട തുടങ്ങിയവരുമുണ്ട്. നാട്ടിൻപുറങ്ങളിൽ സ്ത്രീകൾ ഒന്നും രണ്ടും മെഷീനുകൾ വച്ച് തുന്നുന്ന ഇടവുമുണ്ട്. എല്ലാവരും ഇപ്പോൾ ഒരേ മാനസികാവസ്ഥയിലാണ്. സർക്കാർ നൽകിയ ആയിരം രൂപമാത്രമാണ് ഈ എട്ടുമാസത്തിനിടയിൽ അവർക്ക് ലഭിച്ച ആശ്വാസം. തയ്യൽക്കാരുടെ ക്ഷേമത്തിനായി മൂന്നു ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്.
കോട്ടച്ചേരി ടൗണിൽ അഞ്ചു വർഷത്തോളമായി തയ്യൽകട നടത്തുന്ന നെല്ലിക്കാട്ടെ പി. മുരളി കട തുറക്കാത്തതു തന്നെ മാസങ്ങളായി. നാലുതയ്യൽക്കാരെ വച്ച് ഭീമമായ വാടകയും കൊടുത്താണ് മുരളി കട തുടങ്ങിയത്.
നഷ്ടമായി ഓണവും പെരുന്നാളും
വിഷു, പെരുന്നാൾ, സ്‌കൂൾ തുറക്കൽ, ഓണം എന്നിവയൊക്കെയാണ് തയ്യൽ തൊഴിലാളികൾക്ക് കൂടുതൽ ജോലി ലഭിക്കുന്ന കാലങ്ങൾ. അക്കാലത്ത് മെനക്കെട്ട് ജോലി ചെയ്താലേ വർഷം മുഴുവൻ കുടുംബത്തിന്റെ പ ട്ടിണിയൊഴിവാക്കാനാകൂ.
തന്റെ അനുഭവത്തിൽ ഇത്തരമൊരു കാലം ഉണ്ടായിട്ടില്ല. കഴിഞ്ഞ എട്ടുമാസമായി ഒരുരൂപ പോലും ലഭി
ക്കാത്ത സ്ഥിതിയാണ്.
പി. മുരളി, തയ്യൽ തൊഴിലാളി