kannur

കണ്ണൂർ: ജില്ലയിൽ സമാധാനം നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികൾക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാധാന യോഗം പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ സമാധാന യോഗത്തിനുശേഷം ജില്ലയിലുണ്ടായ കണ്ണവത്തെ കൊലപാതകമടക്കമുള്ള മുഴുവൻ അക്രമ സംഭവങ്ങളെയും യോഗം അപലപിച്ചു.

കൊലപാതക സംഭവത്തിന്റെ മറവിൽ പ്രദേശത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുളള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും യോഗം അഭ്യർത്ഥിച്ചു. തദ്ദേശസ്ഥാപന തലത്തിൽ സർവകക്ഷി സമാധാന യോഗങ്ങൾ നടത്താനും തീരുമാനമായി. എല്ലാ അക്രമ സംഭവങ്ങളിലും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് ഉറപ്പുനൽകി. കണ്ണവത്തെ കൊലപാതക കേസിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യും. പൊന്ന്യത്തെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സഹായികളടക്കമുള്ള മുഴുവൻ പേരെയും തിരിച്ചറിഞ്ഞതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മേയർ സി. സീനത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.വി ജയരാജൻ, സതീശൻ പാച്ചേനി, അബ്ദുൾ കരീം ചേലേരി, അഡ്വ. പി. സന്തോഷ്‌കുമാർ, എൻ. ഹരിദാസൻ, ഒ. രാഗേഷ്, ബഷീർ അബൂബക്കർ എന്നിവരും പങ്കെടുത്തു.