vellakkettu
ചൂരിപ്പാറ പൊതുശ്മശാന വഴിയിലെ വെള്ളക്കെട്ട്

നീലേശ്വരം: കിനാനൂർ -കരിന്തളം പഞ്ചായത്തിലെ ചൂരിപ്പാറ പൊതുശ്മശാന നവീകരണം പാതിവഴിയിൽ. മൃതദേഹ സംസ്കാരത്തിന് ഇവിടെയെത്തുന്നവർക്ക് പരീക്ഷണമായി മാറുകയാണ് പ്രധാന വഴിയിലെ വെള്ളക്കെട്ടുകൾപ്പെടെയുള്ള അസൗകര്യങ്ങൾ. ആധുനിക രീതിയിലുള്ള ശ്മശാന നിർമ്മാണമാണ് ഇഴയുന്നത്.

25 വർഷം മുമ്പാണ് ചൂരിപ്പാറയിൽ പൊതുശ്മശാനം നിർമ്മിച്ചത്. അന്ന് ചുറ്റുമതിലടക്കമുള്ള സംവിധാനങ്ങളാണ് പണിതത്. അന്നത്തെ ശ്മശാനം നവീകരിച്ച് രണ്ട് വർഷം മുമ്പ് ആധുനിക രീതിയിലുള്ള ശ്മശാനം പണിയാൻ തുടങ്ങി. എന്നാൽ ഇപ്പോഴും പണി ഇഴയുന്നതിന് പിന്നിൽ കൊവിഡ് പ്രതിസന്ധിയാണ് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അവസാനം പുകക്കുഴൽ അവിടെ കൊണ്ടിട്ട് പോയതല്ലാതെ പണിയൊന്നും തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൊതുശ്മശാനത്തിന് ചുറ്റുമതിൽ ഉണ്ടെന്നല്ലാതെ അതിന് കെട്ടുറപ്പുള്ള ഗേറ്റ് സ്ഥാപിച്ചിട്ടില്ല. മാത്രമല്ല ശ്മശാന നടത്തിപ്പിലും താളപ്പിഴയാണ്. മതിലുകടന്ന് എത്തുന്ന പ്രധാനവഴിയിലാണ് മഴപെയ്താൽ നിറയെ വെള്ളക്കെട്ട്. ശ്മശാനത്തിന് സമീപം പലരും കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും കിടക്കുന്നുണ്ട്. തെരുവുനായകളുടെ ശല്യ മുൾപ്പെടെ പ്രദേശത്തുണ്ട്.

തലവേദന സമീപവാസികൾക്ക്

അടച്ചുറപ്പുള്ള ഗേറ്റ് സ്ഥാപിക്കാത്തതിനാൽ രാത്രികാലങ്ങളിൽ അന്യ നാടുകളിൽ നിന്ന് ഇവിടെ മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കുന്നതായ പരാതിയും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. മൃതദേഹം പൂർണമായി കത്തിത്തീരുന്നതിന് മുമ്പെ ചിലർ സ്ഥലംവിടുന്നതാണ് പ്രധാനമായും പരാതിക്കിടയാക്കുന്നത്.

ദുർഗന്ധം സഹിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സമീപവാസികൾ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയുമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാലയുടെ നിർദ്ദേശാനുസരണം വാർഡ് മെമ്പർ ബീനാ കുമാരിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ശ്മശാന സംരക്ഷണ സമിതി രൂപീകരിച്ചു.

യോഗത്തിൽ അടിയന്തരമായി താൽക്കാലിക ഗേറ്റ് പണിയാൻ തീരുമാനമുണ്ടായെങ്കിലും ഗേറ്റ് ഇനിയും സ്ഥാപിച്ചിട്ടില്ല.