sajeesran
ചിത്രം വരയ്ക്കുന്ന സജീന്ദ്രൻ

കണ്ണൂർ: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഓണത്തോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളും ഓണക്കളികളും ഒന്നര മണിക്കൂർ കൊണ്ട് ഒറ്റ കാൻവാസിൽ വരച്ച് തീർത്ത് പ്രവാസിയായ സജീവൻ പുത്തൂർ. ഒരു കൂട്ടം പ്രവാസികൾ ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ നിന്ന് തിരഞ്ഞെടുത്ത ആശയങ്ങളാണ് സജീന്ദ്രൻ തന്റെ കാൻവാസിൽ പകർത്തിയത്.

തിരുവന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളെ നാല് സോണുകളായി തിരിച്ച് ഓരോ പ്രദേശത്തുള്ളവരും അവരവരുടെ പ്രദേശങ്ങളിലെ പ്രധാന ഓണ സവിശേഷതകൾ പരിപാടിയിലൂടെ അവതരിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സജീന്ദ്രൻ വരച്ച ചിത്രമാണ് ഏവർ‌ക്കും കൗതുകകരമാകുന്നത്.

പാനൂർ സ്വദേശിയായ സജീന്ദ്രൻ എട്ടുവർഷമായി ഷാർജയിലെ പരസ്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ്. നേരത്തെ കേരള കൗമുദി കണ്ണൂർ യൂണിറ്റിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. തലശ്ശേരി സ്കൂൾ ഓഫ് ആർട്സിൽ നിന്നും പെയിന്റിംഗ് ഡിപ്ലോമ നേടിയിരുന്നു.

യു.എ.ഇയിൽ ആവശ്യക്കാ‌ർക്ക് പെയിന്റിംഗ് ചെയ്തു കൊടുക്കുന്നുമുണ്ട് സജീന്ദ്രൻ. റിലീസ് ചെയ്യാനിരിക്കുന്ന യു.എ.ഇയിൽ ചിത്രീകരിച്ച ദേര ഡയറീസ് എന്ന സിനിമയുടെ കലാ സംവിധാനം നിർവ്വഹിച്ചത് സജീന്ദ്രനാണ്. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകൾക്കും ആൽബങ്ങൾക്കും കലാ സംവിധാനം ഒരുക്കിയിട്ടുണ്ട്.