ഇരിട്ടി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ നഗരത്തിലെ കട കമ്പോളങ്ങൾ മുഴുവൻ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിലും , വ്യാപാരികളും ടൗണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥക്കുമെതിരെ ഇന്ന് വ്യാപാരി സംഘടനകളുടെ സംയുക്ത സമിതി ഉപവാസ സമരം നടത്തും. പഴയസ്റ്റാൻഡ് നഗരസഭാ കോംപ്ലക്സിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ഉപവാസം.
കൊവിഡ് വ്യാപനത്തെത്തുടർന്ന് ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇരിട്ടി നഗരവും നിശ്ചലാവസ്ഥയിലായിരുന്നു. തുടർന്ന് ലോക്ക് ഡൗണിൽ ഇളവുകൾ നൽകുകയും മറ്റ് നഗരങ്ങളെല്ലാം നിയന്ത്രണ വിധേയമായി സാധാരണ നിലയിലേക്ക് മാറിയെങ്കിലും ഇരിട്ടി നഗരം ഇത് തുടർച്ചയായി അടച്ചിടുന്നത് നാലാം തവണയാണ്. വിശാലമായി പരന്നുകിടക്കുന്ന നഗരം ഉൾപ്പെടുന്ന ഒൻപതാം വാർഡിൽ ഏതെങ്കിലും ഒരു മൂലയിൽ ഒരു കൊവിഡ് രോഗി ഉണ്ടാകുന്നതോടെ നഗരം മുഴുവൻ അടച്ചിടുന്ന അവസ്ഥയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.