പഴയങ്ങാടി: ഭൂമി കൈയ്യേറ്റവും മലിനീകരണവും മൂലം നശിക്കുന്ന മാടായിപാറയിലെ ജൈവ വൈവിദ്ധ്യം കാക്കാൻ ഡി.വൈ.എഫ്.ഐ സംരക്ഷണസേന രൂപീകരിച്ചു. ഗ്രീൻ മാടായിപ്പാറ, സേവ് മാടായിപ്പാറ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ സേന രൂപീകരിച്ചത്. മാടായി പാറയിലെ ആവാസ വ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്ത് ടി.വി രാജേഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ ജൈവ വൈവിദ്ധ്യ പ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ ഇവിടം സന്ദർശിക്കുകയും സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാടായി പഞ്ചായത്തിനോട് തേടിയ അഭിപ്രായത്തിൽ മറുപടി നൽകാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്.
സംരക്ഷണ സേനയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മാടായിപാറയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനകൾ പരിസ്ഥിതി പ്രവർത്തകർ, ക്ലബുകൾ എന്നിവരുടെ വിപുലമായ യോഗം വിളിച്ചുചേർത്ത് സേനയെ വിപുലപ്പെടുത്താനും പൊലീസിന്റെ നിർദ്ദേശാനുസരണം പ്രതിദിന വോളണ്ടിയർമാരെ നിയോഗിക്കാനും തീരുമാനിച്ചു.
സംരക്ഷണ സേനയുടെ പ്രഖ്യാപനവും വളണ്ടിയർ ബാഡ്ജ് വിതരണവും ടി.വി രാജേഷ് എം.എൽ.എ നിർവഹിച്ചു. കെ.കെ.ആർ വെങ്ങര അദ്ധ്യക്ഷത വഹിച്ചു. പി. നാരായണൻ കുട്ടി, അഞ്ചില്ലത്ത് അബ്ദുള്ള, വി. വിനോദ്, പി. ജനാർദ്ദനൻ, കെ.വി സന്തോഷ്, വരുൺ ബാലകൃഷ്ണൻ, കെ.വി ബൈജു എന്നിവർ സംസാരിച്ചു. കിരൺ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.