കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കുക എളുപ്പമല്ലെന്ന് സൂചന. ഫാഷൻ ഗോൾഡ് ജൂവലറിയുടെയും സ്വന്തമായുള്ളതുമായ ആസ്തിയും സ്വത്തുവകകളും വിൽപ്പന നടത്തി കടബാദ്ധ്യത തീർക്കണമെന്ന മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കുക ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടുന്നത്. ലീഗ് നേതൃത്വം മദ്ധ്യസ്ഥനായി നിശ്ചയിച്ച കാസർകോട് ജില്ലാ ട്രഷറർ, ആസ്തികൾ കണക്കാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജൂവലറിയുടെ പേരിൽ കാര്യമായി ആസ്‌തികളൊന്നും ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. നിലവിലുണ്ടായിരുന്ന ആസ്തികൾ മുഴുവൻ വിൽപ്പന നടത്തുകയോ പണയം വയ്ക്കുകയോ ചെയ്തിട്ടുണ്ട്. എം.എൽ.എയുടെ പേരിൽ കോടികളുടെ സ്വത്തുവകകളും നിലവിലില്ല. അതുകൊണ്ടുതന്നെ ആസ്തികൾ വിൽപ്പന നടത്തി കടം വീട്ടുക സാധ്യമല്ല. മറ്റേതെങ്കിലും വിധത്തിൽ പണം കണ്ടെത്തി കേസുകൾ ഒത്തുതീർപ്പിൽ എത്തിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ നേതൃത്വം ആലോചിക്കുന്നത്.
എം.എൽ.എയും പൂക്കോയ തങ്ങളും ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച പണമാണ് ഏക ആശ്രയം. കാസർകോട് ഉണ്ടായിരുന്ന കമ്പനിയുടെ കെട്ടിടവും സ്ഥലവും മൂന്നര കോടി വിലയിട്ടു പടന്ന സ്വദേശിക്ക് നേരത്തെ കൈമാറിയിരുന്നു. ബാങ്ക് വായ്പയ്ക്ക് രണ്ടര കോടി ഓവർ ഡ്രാഫ്റ്റ് ആയിരുന്നു. ഇത് വിറ്റാണ് ബാങ്ക് കടം വീട്ടിയത്. ഒരു കോടി രൂപ ഇനിയും പടന്നക്കാരന് കൊടുത്തു തീർക്കാനുണ്ട്. ബംഗളൂരു സ്ഥലം മറ്റൊരു വ്യവസായിക്ക് 80 ലക്ഷത്തിനു എഴുതി കൊടുത്തു. ഏഴ് കോടിയുടെ സ്വത്താണ് ബംഗളൂരുവിലുള്ളത്. പയ്യന്നൂരിലെ സ്ഥാപനം നേരത്തെ ആക്ഷൻ കമ്മറ്റിയുടെ പേരിൽ എഴുതി വച്ചിട്ടുണ്ട്. അതിനിടെ നാല് ഡയറക്ടർമാർ അഞ്ചര കിലോ സ്വർണ്ണവും വജ്രവും കടത്തിയിരുന്നു. തിരിച്ചു തരാൻ എഗ്രിമെന്റ് ഉണ്ടാക്കിയെങ്കിലും ഒപ്പ് ഇടാതെ ഡയറക്ടർമാർ പോവുകയാണ് ചെയ്തത്.
മറ്റൊരു ജീവനക്കാരൻ പലതവണകളായി സ്വർണ്ണം കടത്തി കൊണ്ടുപോയി കർണ്ണാടക പുത്തൂരിൽ ജൂവലറി തുടങ്ങി. ഇത് വീണ്ടെടുക്കാൻ പുത്തൂരിൽ പോയ എം ഡിയെയും ചെയർമാനെയും അയാളുടെ ഗുണ്ടാസംഘം ഓടിച്ചു വിട്ടുവെന്നും പറയുന്നുണ്ട്. കർണ്ണാടക പൊലീസ് ജൂവലറി ഉടമകൾക്ക് സംരക്ഷണം നൽകാതെ മടക്കി അയക്കുകയാണ് ചെയ്തത്. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഈ ഘടകങ്ങളെല്ലാം പരിശോധിക്കും. ജൂവലറിയിൽ നിന്നും ജീവനക്കാരും ഡയറക്ടർമാരും കടത്തിക്കൊണ്ടുപോയ കോടികളുടെ സ്വർണ്ണവും വജ്രവും തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ കൂടുതൽ കടം വീട്ടാൻ കഴിയും. എന്നാൽ ഈ സമയത്ത് അവ തിരിച്ചു കൊടുക്കാൻ ഇവർ ആരും തയ്യാറാകില്ല.