olichottam
ഒളിച്ചോട്ടം

കണ്ണൂർ: സകല മേഖലയേയും തകർക്കുന്ന കൂട്ടത്തിൽ കൊവിഡ് കുടുംബ ബന്ധങ്ങളെയും ബാധിക്കുന്നു. കണ്ണൂരിലെ മലയോരങ്ങളിൽ വീട്ടമ്മമാരുടെ പ്രണയവും ഒളിച്ചോട്ടവും ഇക്കാലത്ത് കൂടുകയാണ്. നവമാദ്ധ്യമങ്ങളിൽ പരിചയപ്പെട്ടാണ് ഇവയിൽ ഏറെയുമെന്ന് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു.

കണ്ണും കയ്യും കാട്ടാതെ എവിടെ നിന്നും സന്ദേശങ്ങൾ കൈമാറാനുള്ള സൗകര്യമാണ് ഒളിച്ചോട്ടക്കാർ ആസ്വദിക്കുന്നത്. അഞ്ചു മാസത്തിനിടെ ജില്ലയിൽ നിന്നും മുപ്പതോളം പേർ ഒളിച്ചോടി. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടവർ മുതൽ അൻപതു കഴിഞ്ഞ വൃദ്ധർ വരെ ഇക്കൂട്ടത്തിലുണ്ട്. കുട്ടികളെ ഉപേക്ഷിച്ചു പോകുന്നവരാണ് കൂടുതലും. പ്രായത്തിൽ കുറവുള്ള യുവാക്കളുമായാണ് വീട്ടമ്മമാർ സ്ഥലം വിടുന്നത്. ഇതര സംസ്ഥാന തൊഴിലാളിയോടൊപ്പം ബംഗാളിലേക്ക് ഒളിച്ചോടിയ വീട്ടമ്മ തിരിച്ചെത്തിയത് ഈയിടെയാണ്.
കഴിഞ്ഞ ദിവസം പയ്യന്നൂരിൽ മുപ്പത്തഞ്ചുകാരിയെയും എട്ടുവയസുള്ള മകളെയും കാണാതായതായി പരാതിയുണ്ട്.

ബന്ധുക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. തറവാട്ടുവീട്ടിൽ എട്ടുവയസുള്ള മകളുമായെത്തിയ യുവതിയെയാണ് നേരം പുലർന്നപ്പോൾ കാണാതായത്. തലേദിവസം തറവാട്ടിലെത്തിയപ്പോൾ യുവതി കൊണ്ടുവന്നിരുന്ന ബാഗും കാണാനില്ലായിരുന്നു. യുവതിക്ക് അയൽവാസിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് മനസിലാക്കിയ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ഇയാളേയും കണ്ടെത്താനായില്ല. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാളുടെ ആൾട്ടോ കാറിലാണ് ഇവർ കടന്നതെന്നാണ് സംശയം.

കഴിഞ്ഞ ആഴ്ചയിൽ പയ്യന്നൂരിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്ന 38കാരി അഞ്ചുവയസുള്ള മകനെയും കൂട്ടി 20 പവനോളം ആഭരണങ്ങളുമായി ആംബുലൻസ് ഡ്രൈവറോടൊപ്പം കടന്നതായുള്ള പരാതിയിലും അന്വേഷണം നടക്കുകയാണ്. ഇയാൾക്കും ഭാര്യയും കുട്ടിയുമുണ്ട്. ക്രിമിനൽ നടപടികൾ ഒഴിവാക്കാൻ കുട്ടികളെയും കൊണ്ടു കടന്നു കളയുന്ന പ്രവണത വർധിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു. കൊവിഡ് കാലത്ത് അധികം പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയുന്നവരിലാണ് ഇത്തരം പ്രവണത കൂടുതലായും കണ്ടുവരുന്നത്. ഗാർഹിക പീഡന കേസുകളുടെ എണ്ണത്തിലും ഇക്കാലയളവിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.