കണ്ണൂർ: അഴീക്കൽ കപ്പൽ പൊളിശാല മത്സ്യത്തൊഴിലാളികൾക്കും പാരയാകുമോയെന്ന ചർച്ചയാണിപ്പോൾ തീരത്ത്. കപ്പൽപൊളി ശാലകൾക്ക് സമീപത്തുള്ള ഹാർബറുകളിലെ മത്സ്യങ്ങൾ കഴിക്കുന്നതിന് ലോകാരോഗ്യ സംഘടന നേരത്തെതന്നെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസിന്റെ കരിംപട്ടികയിൽ അഴീക്കൽ സിൽക്ക് ഇടം നേടിയതോടെയാണ് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് കപ്പൽപൊളി ശാല വന്നുപെട്ടത്. ഇതോടെ വിദേശ വിപണിയിൽ നിന്ന് തങ്ങളുടെ മത്സ്യം ഔട്ടാകുമോയെന്ന ചിന്തയാണ് പ്രദേശത്ത് നിറയുന്നത്.

കപ്പലുകൾ പൊളിക്കുമ്പോൾ പുറന്തള്ളപ്പെടുന്നത് മാരകമായ നിരവധി രാസവസ്തുക്കളാണ്. ഇവയിൽ മനുഷ്യരിൽ മാത്രമല്ല സകല ജന്തുജാലങ്ങളെയും പ്രകൃതിയെയും സാരമായ ബാധിക്കുന്ന ഒന്നാണ് ഡയോക്സിൻ എന്ന രാസപദാർത്ഥം. പരിസ്ഥിതി മലിനീകരണത്തിനെതിരെ അഴീക്കലിൽ ഇതിനകം നിരവധി സമരങ്ങൾ നടന്നു. അതുകൊണ്ടാണ് കപ്പൽപൊളി ശാലകൾക്ക് അടുത്ത് പ്രവർത്തിക്കുന്ന ഹാർബറുകളിലെ മത്സ്യങ്ങൾ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന വിലക്ക് ഏർപ്പെടുത്തിയത്.

അഴീക്കലിലെ കപ്പൽപൊളിശാലയുടെ ഏതാണ്ട് 250 മീറ്റർ അകലെയാണ് അഴീക്കൽ മത്സ്യബന്ധന തുറമുഖം. ഹാർബറിനെ ആശ്രയിച്ച് പ്രത്യക്ഷമായും പരോക്ഷമായും 1500 ഓളം കുടുംബങ്ങളാണ് ജീവിക്കുന്നത്. ഇവിടെനിന്നുള്ള മത്സ്യത്തിന് വിലക്ക് വരുന്നത് നിരവധി കുടുംബങ്ങളെ പെരുവഴിയിലാക്കും. ലോക്ക്ഡൗണിന്റെ മറവിൽ കൊണ്ടുവന്ന ഒരു കപ്പൽ ഇപ്പോഴും സിൽക്കിൽ പൊളിക്കുന്നുണ്ട്. ഡയോക്സിനെ കൂടാതെ കാഡ്മിയം, മെർക്കുറി തുടങ്ങി ഒരു ഡസനോളം രാസവസ്തുക്കൾ പുഴയിലേക്ക് തള്ളുന്നതായാണ് പറയുന്നത്. പൊളിക്കുന്ന കപ്പലിനെ കൂടാതെ രണ്ടെണ്ണം പൊളിക്കാൻ കിടക്കുന്നുണ്ട്. സിൽക്കിൽ എത്തിച്ച ഇവ കഴിഞ്ഞ കാലവർഷത്തിൽ കെട്ടിയിട്ട വടംപൊട്ടി ഒഴുകി പോയിരുന്നു. ഇവയിൽ ഒന്ന് ധർമ്മടത്തും മറ്റൊന്ന് അഴീക്കലിലും മണൽതിട്ടകളിൽ തട്ടി കിടക്കുന്നുണ്ട്. അഴീക്കലിലെ മണൽതിട്ടയിൽ തട്ടിനിൽക്കുന്ന കപ്പൽ പൊളിക്കുന്നതിനു വേണ്ടി പുഴയിലേക്ക് നിർമ്മിച്ച റോഡ് ഈ കാലവർഷത്തിൽ ഒലിച്ചുപോവുകയും ചെയ്തു.

അഴീക്കലിലെ കപ്പൽ പൊളിശാലയായ സിൽക്കിലെ ഉദ്യോഗസ്ഥർ കപ്പൽ മാഫിയകളുടെ ബിനാമി ആണ്. പൊളിച്ച കപ്പലുകളുടെ ആക്രി സാധനങ്ങൾ വിലക്കെടുക്കുന്ന സ്ഥാപനത്തിലെ ആളുകളെ പോലും സർക്കാർ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചു. സർക്കാരും കപ്പൽ മാഫിയകളും തമ്മിലുള്ള ഒത്തുകളിയാണ് ഇത് വ്യക്തമാക്കുന്നത്.

എം.കെ. മനോഹരൻ, കപ്പൽ പൊളി വിരുദ്ധസമിതി ചെയർമാൻ