കണ്ണൂർ: വർഷങ്ങളായുള്ള നാട്ടുകാരുടെ മുറവിളി കേൾക്കാത്തതിൽ പ്രതിഷേധിച്ച് അഴീക്കോട് പഞ്ചായത്തിൽ ജനകീയ പ്രതിരോധം ശക്തമാകുന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രതിഷേധം രേഖപ്പെടുത്താനുള്ള ആലോചനയിലാണ് കപ്പൽപൊളി വിരുദ്ധസമിതി. കപ്പൽപൊളിക്കുന്നത് നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും ഇവർ നേരിട്ട് പ്രതിഷേധത്തിനിറങ്ങുന്നത്.

പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സിൽക്കിന്റെ കപ്പൽ പൊളിശാലയുള്ളത്.

കപ്പൽപൊളി വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് പോരാട്ടം നടക്കുന്നത്. കപ്പൽ പൊളിക്കെതിരെ ഗ്രാമസഭ ഐക്യകണ്ഠേന പാസാക്കിയിട്ടും സിൽക്കിനെ പ്രതിഷേധമറിയിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. സിൽക്ക് പ്രവർത്തിക്കുന്ന ഒന്നാം വാർഡ് ഉൾപ്പെടെ അഞ്ചോളം വാർഡുകളിൽ തങ്ങൾ മത്സരിക്കുമെന്ന് സമിതി ചെയർമാൻ എം.കെ. മനോഹരൻ പറഞ്ഞു.