കണ്ണൂർ: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ വഞ്ചനയ്ക്കും തട്ടിപ്പിനുമെതിരെ 16ന് വൈകിട്ട് നാലിന് പയ്യന്നൂരിലും തലശ്ശേരിയിലും ജനപ്രതിനിധികളും നിക്ഷേപകരും സത്യാഗ്രഹ സമരം സംഘടിപ്പിക്കും. നിക്ഷേപകരെ എം.എൽ.എയും ലീഗ് നേതാവും ചേർന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിൽ ഇതിനകം 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 5 കേസുകൾ കണ്ണൂരിലെ പയ്യന്നൂരിലും, തലശ്ശേരിയിലും രജിസ്റ്റർ ചെയ്തതാണ്. 2006 ലും 2007 ലും 2008 ലും 2012 ലും 2016 ലുമായി കമറുദ്ദീൻ ചെയർമാനും, പൂക്കോയ തങ്ങൾ എം.ഡിയുമായി രൂപീകരിച്ചത് 5 കമ്പനികളാണ്. ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനം മാത്രമാണ് ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്‌സിൽ സ്ഥാപിച്ചത്. നിക്ഷേപകരെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് മറ്റു കമ്പനികൾ രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.