കണ്ണൂർ:പുതിയ ആവാസ കേന്ദ്രങ്ങൾ തേടി മയിലുകൾ കൂട്ടത്തോടെ നാട്ടിലും നഗരത്തിലും ചേക്കേറുന്നു.പത്തുവർഷം മുമ്പ് പേരിന് പോലും മയിലുകളെ കാണാത്തിടത്ത് പത്തും ഇരുപതും എണ്ണം വരുന്ന കൂട്ടങ്ങളാണ് ഗ്രാമനഗര ഭേദമെന്യേ ഇറങ്ങിനടക്കുന്നത്.
തനത് ആവാസ സ്ഥാനങ്ങൾക്ക് കോട്ടം തട്ടുമ്പോഴാണ് മയിലുകൾ അസ്വാഭാവികമായി നാട്ടിലിറങ്ങുന്നതെന്ന് പരിസ്ഥിതി വിദഗ്ദർ അഭിപ്രയാപ്പെടുമ്പോൾ കാലാവസ്ഥാവ്യതിയാനത്തിന്റെ വിപത്ത് സൂചനയാണിതെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളിലേക്കും പാടശേഖരങ്ങളിലേക്കും മയിലുകൾ കൂട്ടമായാണ് എത്തുന്നത്. കൗതുക കാഴ്ചയെങ്കിലും ഇത് ദുരന്തത്തിന്റെ മുന്നറിയിപ്പാണെന്ന് ഇവർ പറയുന്നു. കനത്ത മഴ കഴിഞ്ഞുള്ള ഇടവേളകളിലാണ് മയിലുകൾ കാടുവിട്ട് പുറത്തേക്ക് ഇറങ്ങുന്നത്.
കാഴ്ചയിൽ ഭംഗി തോന്നുമെങ്കിലും വീടുകളിൽ നട്ടുവളർത്തുന്ന ചെടികൾ വരെ ഇവ നശിപ്പിക്കുമെന്നാണ് നാട്ടുകാരുടെ പരാതി. ചിലയിടങ്ങളിൽ മയിലുകൾ കൂട്ടമായി തമ്പടിച്ച ശേഷം കാട്ടിലേക്ക് തിരികെ പോകാത്ത സ്ഥിതിയുമുണ്ടെന്നാണ് നാട്ടുകാർ.
എന്നാൽ പൊന്തക്കാടുകൾ അടങ്ങിയ പ്രദേശങ്ങൾ പാടെ നശിപ്പിക്കുന്നത് മയിലുകളുടെ കൂട്ട പലായനത്തിന് കാരണമാകുന്നുവെന്ന അഭിപ്രായമാണ് ഉയരുന്നത്.മയിലുകൾ മുട്ടയിടുന്നതും അവയുടെ ആവാസ സ്ഥാനവുമെല്ലാം പൊന്തക്കാടുകൾക്കുള്ളിലാണ് പലയിടങ്ങളിലും പൊന്തക്കാടുകൾ വലിയ തോതിൽ നശിപ്പിക്കപ്പെടുന്നുണ്ട്.മട്ടന്നൂർ മൂർഖൻ പറമ്പിൽ വിമാനത്താവളം ആരംഭിക്കുന്നതിനായി പൊന്തക്കാട് അടങ്ങിയ ഏക്കർ കണക്കിന് സ്ഥലം നികത്തുകയുണ്ടായി.ഇതിന്റെ ഭാഗമായി ആ പ്രദേശങ്ങളിലുണ്ടായിരുന്ന മയിലുകളുടെ ആവാസ കേന്ദ്രങ്ങൾ നശിക്കുകയും ഇവ ആ പ്രദേശം വിട്ട് കൂട്ടത്തോടെ പല ഭാഗങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്.
ചാലക്കുന്ന് ചിന്മയ കോളേജ് പരിസത്ത് ഇപ്പോൾ മയിലുകളെ ധാരാളമായി കാണാം.ഇതിന് പുറമെ തളിപ്പറമ്പ്,പരിയാരം , തലശേരി എന്നിവിടങ്ങളിലെല്ലാം അടുത്തിടയായി മയിലുകളുടെ സജീവസാന്നിധ്യമുണ്ട്.
നെൽകൃഷിക്ക് ഭീഷണി
മയിലുകൾ നാട്ടിലേക്കിറങ്ങിയതോടെ ആളുകൾക്ക് പല തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടുതൽ വെട്ടിലായത് നെൽ കർഷകരാണ്.ഗ്രാമ പ്രദേശങ്ങളിലെത്തുന്ന ഇവ വിളഞ്ഞ് നിൽക്കുന്ന നെല്ല് പാടെ നശിപ്പിക്കുകയാണ്.കതിരിടുന്ന സമയത്ത് ഒന്നിച്ച് ഊർന്നെടുത്ത് മധുരമുള്ള ഭാഗം വലിച്ചെടുത്ത ശേഷം ചണ്ടി തുപ്പികളയുന്നതാണ് രീതി.മയിലുകൾ നാട്ടിലിറങ്ങിയതോടെ ചെറുജീവികൾക്കും ഭീഷണിയായി.
മയിലുകൾ പെരുകുന്നത് അന്തരീക്ഷ താപനില ഉയരുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന്റെയും സൂചനയാണ് .എന്നാൽ ഇവയുടെ ആവാസസ്ഥാനങ്ങളായ പൊന്തക്കാടുകൾ നശിപ്പിക്കപ്പെടുമ്പോഴാണ് പലയിടത്തും അസ്വാഭാവികമായി മയിലുകളെ കാണപ്പെടുന്നതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
ഡോ. ഖലീൽ ചൊവ്വ,പരിസ്ഥിതി പ്രവർത്തകൻ