കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദീനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു. സ്ഥാപനത്തിന്റെ എം.ഡിയും ലീഗ് നേതാവുമായിരുന്ന ടി.കെ. പൂക്കോയ തങ്ങളും കേസിൽ പ്രതിയാണ്. ചന്തേര പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്ന 13 കേസുകളിലാണ് ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ആഴ്ചയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കും. 2003 ൽ നാല് കമ്പനികൾ രജിസ്റ്റർ ചെയ്തു തുടങ്ങിയ ഫാഷൻ ഗോൾഡ് സ്ഥാപനത്തിന്റെ നടത്തിപ്പിനായി പ്രവാസികളിൽ നിന്നുൾപ്പെടെ കോടികൾ നിക്ഷേപമായി സ്വീകരിക്കുകയും തുക തിരിച്ചു നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പണം നൽകിയവർ നിയമനടപടി തുടങ്ങിയത്. മൂന്ന് വർഷം മുമ്പ് ജുവലറികൾ അടച്ചുപൂട്ടിയതോടെ 2006 മുതൽ പണം നൽകിയവരാണ് കേസുമായി ചന്തേര, കാസർകോട്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. 36 നിക്ഷേപകരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പയ്യന്നൂരിലും മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. ഈ കേസുകളിൽ ആദ്യം ഏഴ് കേസുകളും പിന്നീട് രജിസ്റ്റർ ചെയ്ത ആറു കേസുകളും അടക്കം 13 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പുതുതായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത കേസുകളുടെ ഫയലുകൾ കിട്ടുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങും.