രോഗനിർണയത്തിന് ഓടണം മംഗളൂരുവിലേക്ക്
കാഞ്ഞങ്ങാട്: ന്യൂറോ സർജൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് അടക്കമുള്ള തസ്തികകളിൽ നിയമനം നടക്കാത്ത അവസ്ഥയിൽ കാസർകോട്ട് ജില്ലയിലെ പ്രധാന ആശുപത്രികൾ പോലും ഗുരുതരരോഗം ബാധിച്ചവർക്ക് തുണയാകുന്നില്ലെന്ന് ആക്ഷേപം. മംഗളൂരു,മണിപ്പാൽ എന്നിവിടങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായവർക്ക് ഇതുമൂലം കടുത്ത സാമ്പത്തികഭാരമാണ് ഏറ്റെടുക്കേണ്ടിവരുന്നത്.
ആരോഗ്യരംഗത്ത് കാസർകോട് ജില്ലയുടെ പരിതാപകരമായ അവസ്ഥ ബോദ്ധ്യപ്പെടുത്തിയത് കഴിഞ്ഞ ലോക്ക് ഡൗൺ കാലമാണ്. അന്ന് കർണാടകം തലപ്പാടി അതിർത്തി അടച്ചപ്പോൾ ഗുരുതരരോഗങ്ങൾക്ക് ചികിത്സയിലായിരുന്നവരും ഗുരുതരാവസ്ഥയിലുള്ളവരുമായ പന്ത്രണ്ടോളം രോഗികളാണ് മരിച്ചത്.
. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, താലൂക്കാശുപത്രികൾ, ഉക്കിനടുക്ക മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലൊന്നും ന്യൂറോ സർജൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് തസ്തികകളിൽ നിയമനമുണ്ടായിട്ടില്ല.
ആരോഗ്യമേഖലയിൽ വമ്പിച്ച മുന്നേറ്റം ഉണ്ടായിട്ടും ഈ തസ്തികകളിൽ നിയമനം നടന്നിട്ടില്ല. കൊവിഡിന് മുമ്പ് കാൻസർ രോഗികൾക്കും മറ്റും കൊവിഡ് കാലത്ത് വലിയ ആശ്വാസമായിരുന്നു ജില്ലാ ആശുപത്രി.ഏറെ പ്രശംസ പിടിച്ചുപറ്റിയ ഓങ്കോളജി വിഭാഗം പോലും ഇപ്പോൾ കാര്യക്ഷമമമല്ലെന്ന് പരാതിയുണ്ട്.
ഈ ചികിത്സയ്ക്ക് അതിർത്തി കടക്കണം
അപസ്മാരം, നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര രോഗമുള്ളവർ, ദഹനപ്രക്രിയ തകരാറിലായവർ, ഹൃദ്രോഗികൾ എന്നിവരെല്ലാം കർണാടകത്തെയാണ് ആശ്രയിക്കുന്നത്. ഹൃദ്രോഗികൾക്ക് പരിയാരത്ത് ചികിത്സ ലഭിക്കുമെങ്കിലും കാസർകോട്ട് നിന്നുള്ള ദൂരക്കൂടുതൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. അതിർത്തി കടന്നാൽ ആശുപത്രികളും ഡോക്ടർമാരും അവിടെ ധാരാളമുണ്ടെങ്കിലും ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസാണ് ഈടാക്കുന്നത്. ഡോക്ടർമാരുടെ ഫീസായും ലാബുകളിലൂടെ ടെസ്റ്റിംഗ് ഫീസായും ഇവിടങ്ങളിൽ വൻതുകയാണ് വേണ്ടത്.
" അപസ്മാരം ഉൾപ്പെടെ മാരകരോഗങ്ങൾപേറുന്ന എൻഡോസൾഫാൻ രോഗികളെ ശരിയാംവണ്ണം രോഗ നിർണ്ണയം നടത്താൻ ജില്ലയിൽ ന്യൂറോ സർജന്റെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഭാരിച്ച തുക ചിലവഴിച്ച് മംഗൂരുവിലേക്ക് ചികിത്സയ്ക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇത് ഫലത്തിൽ ചികിത്സ നിഷേധിക്കലാണ്.പൂടംങ്കല്ല്ആശുപത്രിയിൽ ഇടക്കാലത്ത് രണ്ടു ന്യൂറോ സർജൻമാരെ മറ്റ് വിഭാഗത്തിൽ നിയമിച്ചിരുന്നെങ്കിലും ഇവർ സ്‌പെഷ്യൽ ഓർഡർ വാങ്ങി ഇവിടെ നിന്നും പോവുകയായിരുന്നു" -
എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ജനറൽ സെക്രട്ടറി അമ്പലത്തറകുഞ്ഞികൃഷ്ണൻ .
" വാഹനാപകടത്തിൽ തലയ്ക്ക് മാരകമായി പരിക്കേൽക്കുന്നവർ മംഗളൂരുവിൽ എത്തുമ്പോഴേക്കും മരിക്കുന്നതിന് പ്രധാനകാരണം. നമ്മുടെ നാട്ടിൽ ന്യൂറോ സർജൻ ഇല്ലാത്തതാണ് .ജില്ലാആശുപത്രിയിലെങ്കിലും ന്യൂറോ സർജന്റെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം. ന്യൂറോ സർജ്ജന്മാരുടെ വേതനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്" .
ഡോ: ടി.വി.പത്മനാഭൻ(റിട്ട. ജില്ലാ ആശുപത്രി സൂപ്രണ്ട്)