കണ്ണൂർ: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്ലസ് വൺ പ്രവേശനം ആരംഭിച്ചു. അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപെടുത്തിയ തീയതിയും സമയവും അനുസരിച്ചാണ് വിദ്യർത്ഥികൾ പ്രവേശനത്തിന് എത്തിയത്. അനുവദിച്ച സമയത്ത് എത്താൻ കഴിയാത്ത വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരെ അറിയിച്ചതിനെതുടർന്ന് ഇവർക്ക് മറ്റൊവസരം നൽകി. പ്രവേശന നടപടികൾ പൂർത്തിയാക്കാൻ ഒരു വിദ്യാർത്ഥിക്ക് 15 മിനുട്ട് സമയമാണ് നൽകിയത്.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നേരത്തെ നടക്കാത്തതിനാൽ അതും പ്രവേശന സമയത്താണ് പരിശോധിച്ചത്. തെറ്റായ വിവരങ്ങൾ കണ്ടെത്തിയാൽ പ്രവേശനം നൽകരുതെന്ന നിർദേശമുണ്ട്. മാർച്ചിൽ സ്‌കൂൾ അടച്ചതിനാൽ പല വിദ്യാർത്ഥികൾക്കും ടിസി വാങ്ങാൻ സാധിച്ചിരുന്നില്ല. അത്തരം വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്നും ടിസി വാങ്ങിയതിന ശേഷമാണ് പ്രവേശനത്തിന് എത്തിയത്. ജില്ലയിൽ 36,762 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ 18,035 വിദ്യാർത്ഥികൾ ഒന്നാം അലോട്ട്‌മെന്റ് പട്ടികയിലുൾപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ അപേക്ഷകർക്ക് 19 വരെ അഡ്മിഷൻ നേടാം. ഈ തീയതിക്ക് മുമ്പ് സ്‌കൂളിൽ ഹാജരാകാൻ സാധിച്ചില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം 17 മുതൽ കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാകും. ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ സ്‌കൂൾ പ്രധാനദ്ധ്യാപകർക്ക് നൽകിയിട്ടുണ്ട്.