തൃക്കരിപ്പൂർ: കതിരണിഞ്ഞ വയലുകളിൽ കർഷകന്റെ കണ്ണീർ മഴ. ശക്തമായ മഴയും കാറ്റും നിരവധി കർഷകരെ കണ്ണീരിലാഴ്ത്തി. എടാട്ടുമ്മൽ, ചെറുകാനം, കൊയങ്കര തുടങ്ങിയ ഭാഗങ്ങളിലാണ് മഴക്കെടുതി ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. എടാട്ടുമ്മൽ, കൊയോങ്കര, ചെറുകാനം ഭാഗങ്ങളിലെ കതിരട്ട നെൽചെടികളാണ് വെള്ളക്കെട്ട് മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. എടാട്ടുമ്മലിലെ ഫുട്ബാൾ കൂട്ടായ്മ കൃഷിയിറക്കിയ ഒരേക്ര വയലിൽ നെൽച്ചെടികൾ നിലത്തിന് സമാനമായി ചെളിയിൽവീണു കിടക്കുകയാണ്. ഒറ്റനെരി എന്ന നെല്ലാണ് പുതുതായി കൃഷിയിലേക്കിറങ്ങിയ ഈ കൂട്ടായ്മ നട്ടുപിടിപ്പിച്ചിരുന്നത്.
പി. രാജൻ, ടി. അജിത എന്നീ കർഷകരുടേതടക്കം നിരവധി പേരുടെ നെൽവയലുകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. തൊട്ടടുത്ത കൊയങ്കര പാടശേഖരത്തിൽ മൂന്നു ഏക്കറോളം നെൽവയലുകളാണ് നശിച്ചത്. ഈ സീസണിൽ തന്നെ രണ്ടാം തവണയാണ് എടാട്ടുമ്മൽ ഭാഗത്ത് കൃഷി നാശം സംഭവിക്കുന്നത്. കർഷകരുടെ പരാതിയെ തുടർന്ന് കൃഷി ഓഫീസർ പരിശോധനക്കെത്തി.
ടി. ധനഞ്ജയൻ, സെക്രട്ടറി,
കൊയങ്കര പാടശേഖരസമിതി
കൊയങ്കര പാടശേഖരത്തിൽ ഏക്കർ കണക്കിന് നെൽവയലാണ് മഴയും കാറ്റും കാരണം നിലംപരിശായി കിടക്കുന്നത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ കർഷകനും സംഭവിച്ചിട്ടുള്ളത്. കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിക്കണം.