തലശേരി :മലബാർ കാൻസർ സെന്ററിൽ 114 കോടിയുടെ പിജി ഇൻസ്റ്റ്യൂട്ട് വികസന പദ്ധതിയുടെയും പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് ഉൾപ്പെടെ 50 കോടിയുടെ പൂർത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി പ്രത്യേക കീമോതെറാപ്പി വാർഡ്, ഓപ്പറേഷൻ തീയറ്റർ, ഐ.സി.യു, കളിസ്ഥലം, സിനിമ തിയറ്റർ, ഗ്രന്ഥശാല എന്നിവയടക്കം പൂർണമായും ശിശു സൗഹൃദ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചികിത്സക്കെത്തുന്ന കുട്ടികൾക്ക് എല്ലാ തരത്തിലുളള മാനസികോല്ലാസവും പ്രധാനം ചെയ്യാൻ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് സെന്റർ എന്ന നിലയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ സൗകര്യം ഒരുക്കുന്നത്. ഡി. എൻ. ബി സർജിക്കൽ ഓങ്കോളജി, ഡി. എൻ. ബി ഓങ്കോപാത്തോളജി എന്നീ കോഴ്സുകളിലായി ആയി ആറോളം വിദ്യാർത്ഥികൾ ഇവിടെ പഠനം, നടത്തിവരുന്നുണ്ട്. കൂടാതെ ഡി.എം. ഒങ്കോപത്തോളജി, ഡി .എൻ. ബി റേഡിയേഷൻ ഓങ്കോളജി എന്നീ കോഴ്സുകൾ ആരംഭിക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പരോഗമിക്കുന്നുണ്ട്. മലബാർ കാൻസർ സെന്റർ പി.ജി ഇൻസ്റ്റിറ്റിയൂട്ട് ആയി ഉയരുന്നതോടെ ഏകദേശം 1500 ഓളം വിദ്യാർത്ഥികൾക്ക് ഇവിടെ പഠിക്കാൻ സാധിക്കും.
മലബാർ കാൻസർ സെന്ററിനെ രാജ്യാന്തര
തലത്തിലേക്കുയർത്തും: മുഖ്യമന്ത്രി
മലബാർ കാൻസർസെന്ററിനെ രാജ്യാന്തരതലത്തിലേക്കുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പീഡിയാട്രിക് ഓങ്കോളജി പോലുള്ള സൗകര്യങ്ങൾ ഇതിന്റെ ഭാഗമായാണ് ഒരുക്കിയത്. മുതിർന്നവരിലെന്ന പോലെ കുട്ടികളിൽ കാൻസർ ചികിത്സ നടത്താനാകില്ല. അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ചില കുട്ടികൾക്ക് പിന്നീട് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് കുട്ടികളുടെ ചികിത്സയ്ക്കായി മാത്രം പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് സജ്ജീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.. കെ ശൈലജ അധ്യക്ഷത വഹിച്ചു. എ ..എൻ ഷംസീർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സമേഷ്, നഗരസഭാ ചെയർമാൻ സി കെ രമേശൻ, വാർഡ് കൗൺസിലർ കെ ഇ ഗംഗാധരൻ, എംസിസി ഡയറക്ടർ സതീശൻ ബാലസുബ്രഹ്മണ്യൻ, ഡോ. സംഗീത കെ നായനാർ, എ കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു