കണ്ണൂർ: കേരളത്തിലെ ജലാശയങ്ങളിൽ തള്ളുന്ന അപകടകാരികളായ അമേരിക്കൻ അലങ്കാര ആമകളെ നശിപ്പിക്കാൻ നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. 'ഈ അമേരിക്കൻ സുന്ദരൻ ജലാശയങ്ങളുടെ വില്ലൻ' എന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വനം, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. നമ്മുടെ തനതു ആമകളുടെ ആവാസ വ്യവസ്ഥയെ ദോഷമായി ബാധിക്കുന്ന അമേരിക്കൻ ആമകളുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നെത്തുന്നവർ അലങ്കാരത്തിനായി കൊണ്ടുവരുന്ന ഇവയെ പിന്നീട് പുഴകളിൽ തള്ളുകയാണെന്നാണ് സൂചന. പെറ്റ് ഷോപ്പുകളിൽ നിന്നും പുഴകളിൽ കളയുന്നുണ്ട്. ശുദ്ധ ജലത്തെ മലിനമാക്കുന്ന ഇവ മനുഷ്യരിൽ കുടൽ രോഗത്തിനു കാരണമാകുന്ന സാൾമൊണെല്ല ബാക്ടീരിയയുടെ വാഹകരാണ്.
അമേരിക്കയിലും മെക്സിക്കോയിലുമാണ് റെഡ് ഈയേർഡ് സ്ലൈഡർ ടർട്ടിൽ എന്ന അലങ്കാര ആമകളുള്ളത്. യൂറോപ്പിൽ പല രാജ്യങ്ങളും ഇവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം കണക്കിലെടുത്ത് അമേരിക്കയിൽ ഇവയെ വീട്ടിൽ വളർത്തുന്നത് നിരോധിച്ചിട്ടുമുണ്ട്.