painting
ജവഹർഘട്ട് വെടിവെപ്പ് വിഷയമാക്കി പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലം പെയിന്റിംഗ്

തലശ്ശേരി: ആരു മറന്നാലും 1940 സെപ്റ്റംബർ 15 തലശ്ശേരിയുടെ സ്മരണയിൽ നിന്ന് മറയില്ല. പോരാട്ടങ്ങൾ നിരവധി കണ്ട ഈ മണ്ണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ചോര നൽകിയ പോരാടിയ ദിനം. കേരളക്കരയിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്റരും മുളിയിൽ ചാത്തുക്കുട്ടിയും നിറതോക്കുകൾക്ക് മുന്നിൽ ജീവരക്തമൊഴുക്കിയ ദിവസം.

താങ്ങാനാവാത്ത നികുതിഭാരം അടച്ചേൽപിച്ചതിലും രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ സ്വീകരിച്ച നയത്തിനും എതിരെയായിരുന്നു ആ മുന്നേറ്റം തലശ്ശേരി കടലോരത്തേക്കൊഴുകിയത്.സാമ്രാജ്യത്വ വിരുദ്ധ ദിനത്തിൽ രണ്ടായിരത്തോളം സമരഭടന്മാരാണ് ത്രിവർണ്ണ പതാകകളും, ചെങ്കൊടികളുമായി ജവഹർഘട്ടിലേക്ക് തിരമാലകൾ കണക്കെ ആർത്തലച്ചെത്തിത്.പി.കെ.മാധവൻ സമര പോരാളികളെ അഭിവാദ്യം ചെയ്ത ഉടൻ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങുകയായിരുന്നു. വിട്ടുകൊടുക്കാതെ സമരപോരാളികൾ പൂഴി പ്രയോഗം നടത്തി. പിന്നാലെ മജിസ്‌ട്രേറ്റ് വെടിവെക്കാൻ ഉത്തരവിട്ടു. അബു മാഷും ചാത്തുക്കുട്ടിയും വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ചു. കടലോരത്തെ തോണികൾക്കിടയിൽ ഒളിച്ചു കിടന്നാണ് വെടിയുണ്ടകളിൽ നിന്നും കേസിൽ രണ്ടാം പ്രതി ചേർക്കപ്പെട്ട ന്യൂ മാഹിയിലെ കുനിയിൽ കൃഷ്ണൻ രക്ഷപ്പെട്ടത്.ബ്രിട്ടിഷ് പട്ടാളത്തിന്റെ കൊടിയ മർദ്ദനത്തിനും രണ്ടര വർഷക്കാലത്തെ തടവിനും കൃഷ്ണൻ ഇരയായി.ശിക്ഷിക്കപ്പെട്ട ഇരുപത്തിയേഴ് പ്രതികളിൽ പതിനാല് പേരും തലശ്ശേരിയിലെ ബീഡിത്തൊഴിലാളികളായിരുന്നു.

സപ്തംബർ പതിനാറിന് തലശ്ശേരി ടെമ്പിൾ ഗേറ്റിലുണ്ടായിരുന്ന ഗ്രെയിറ്റ് ഡർബാർ ബീഡിക്കമ്പനിയിലെ തൊഴിലാളികൾ ഹർത്താലാചരിച്ചു.നിരോധനാജ്ഞയെ തൃണവൽഗണിച്ച് ആയിരക്കണക്കിന് തൊഴിലാളികൾ രക്തസാക്ഷി മുളിയിൽ ചാത്തുക്കുട്ടിയുടെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തു.

ശിക്ഷിക്കപ്പെട്ടവർ

പി.വി.ഗോപാലൻ (കുട്ടിമാക്കൂൽ ഒരു കൊല്ലം ), മുരക്കോളി കൃഷ്ണൻ (വയലളം പതിനഞ്ച് മാസം), ഞാറ്റ്വേല കുത്താപ്പു (വയലളം ഇരുപത്തിയൊന്ന് മാസം), മാണിക്കത്ത് ഗോവിന്ദൻ (കിഴക്കേ പാലയാട് ഒരു കൊല്ലം), ചമ്പാല അനന്തൻ (വടക്കുമ്പാട് പതിനഞ്ച് മാസം), കൂനേരി ദാമു (ധർമ്മടം ഒരു കൊല്ലം), സി.എൻ.ബാലൻ (പിണറായി ഒരു കൊല്ലം), കുരുപ്പാടി കരുണൻ (അരങ്ങേറ്റു പറമ്പ് ഒരു കൊല്ലം), നാമത്ത് കുമാരൻ (പാലയാട് ഒരു കൊല്ലം), ടി.യു.രാമുണ്ണി (വയലളം ഒരു കൊല്ലം), കച്ചുമ്പോൻ ശങ്കരൻ (കാവുംഭാഗം, ഒരു കൊല്ലം), എം.കെ.കുഞ്ഞിരാമൻ (പയ്യന്നൂർ ഒരു കൊല്ലം) .

ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ സ്മരണകളിരമ്പുന്ന ജവഹർഘട്ട് ചരിത്ര സ്മാരകമാക്കണം നഗര സഭ പൈതൃക പദ്ധതിയിലുൾപ്പെടുത്തി ഒരു സ്മാരകം നിർമ്മിച്ചെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ നാശാൻമുഖമായി.-പൊന്ന്യൻ ചന്ദ്രൻ