കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറിയുടെ പി.ആർ.ഒയ്ക്ക് മുസ്ലിംലീഗ് മദ്ധ്യസ്ഥന്റെ മേല്പറമ്പിലെ വീട്ടിൽ വച്ച് ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റതോടെ നിക്ഷേപ തട്ടിപ്പ് കേസ് പുതിയ വിവാദത്തിലേക്ക് നീങ്ങുന്നു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ചന്തേര സ്വദേശി ടി.കെ മുസ്തഫയെ (50 ) ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിന് ചവിട്ടേറ്റ് അബോധാവസ്ഥയിൽ കിടന്ന മുസ്തഫയെ സഹോദരൻ ആണ് നാട്ടിലേക്ക് കൊണ്ടുവന്ന് ആശുപത്രിയിൽ എത്തിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്കാണ് സംഭവം. മുസ്ലിംലീഗ് ജില്ലാനേതാവും സംഘവും മർദ്ദിച്ചുവെന്നാണ് മുസ്തഫ പൊലീസിന് മൊഴി നൽകിയത്. എം.സി ഖമറുദ്ദീൻ എം.എൽ.എയ്ക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടതായും നിഷേധിച്ചപ്പോൾ പിടിച്ചു നിർത്തി ചവുട്ടിയെന്നുമാണ് മുസ്തഫ പൊലീസിനോട് പറഞ്ഞത്. മേൽപ്പറമ്പ് എസ്.ഐ ബിജു ചെറുവത്തൂർ ആശുപത്രിയിൽ എത്തി ഇന്നലെ രാത്രി തന്നെ മുസ്തഫയുടെ മൊഴിയെടുത്തു. ഫാഷൻ ഗോൾഡ് ജൂവലറി ജനറൽ മാനേജർ സൈനുൽ ആബിദീന്റെ സഹോദരൻ ആണ് പി.ആർ.ഒ മുസ്തഫ. യു.ഡി.എഫ് ഘടക കക്ഷിയായ ആർ.എസ്.പി പ്രവർത്തകനുമാണ് ഇദ്ദേഹം.