കണ്ണൂർ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ നെൽകർഷകരെ കണ്ണീരിലാഴ്ത്തുന്നു. കൊവിഡ് മഹാമാരി വിതച്ച ദുരിതങ്ങളിൽ നിന്ന് കര കയറാൻ വയലുകളിലേക്കിറങ്ങിയ കർഷകരെ ആകസ്മികമായെത്തിയ അതിവർഷമാണ് ചുവടുതെറ്റിച്ചത്. കതിരണിഞ്ഞ നെൽച്ചെടികൾ വെള്ളം നിറഞ്ഞ് കിടക്കുന്ന കാഴ്ച ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. കാലം തെറ്റിയെത്തിയ കൊടും മഴയിൽ ലക്ഷക്കണക്കിന് കർഷകരുടെ മോഹങ്ങളാണ് വെള്ളത്തിലായത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ മിക്കയിടത്തും നെല്ലുകൾ കന്നിക്കൊയ്ത്തിനു പാകമായി വരികയായിരുന്നു. ഞാറ്റുവേലയിൽ ഒന്നാം വിള നെൽകൃഷി സജീവമായ ഇവിടെ ഇനി എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കർഷകർ. കരനെൽ കൃഷിയേയും മഴ സാരമായി ബാധിച്ചു. നെൽകൃഷിയുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങുന്നതിനിടെയാണ് അതിവർഷം തിരിച്ചടിയായത്.