നീലേശ്വരം: താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് തന്നെ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമുണ്ടായിട്ടും കൊവിഡ് ചികിത്സാ കേന്ദ്രം കിലോമീറ്ററുകൾക്കപ്പുറത്തേക്ക് മാറ്റിയതിൽ അമർഷം. പടന്നക്കാട് നെഹ്റു കോളേജിന് സമീപത്തുള്ള കെട്ടിടത്തിലും, പാലാത്തടം ഡോ. പി.കെ രാജൻ മെമ്മോറിയൽ കാമ്പസിലുമാണ് ഇപ്പോൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

താലൂക്ക് ആശുപത്രിയിൽ നിന്ന് ചികിത്സാ കേന്ദ്രം ഇത്രയും ദൂരമായതിനാൽ ഇത് ഏറെയും ബാധിക്കുന്നത് ആരോഗ്യ വിഭാഗം ജീവനക്കാരെയാണ്. ദിവസം തോറും രോഗികളുടെ എണ്ണം വർദ്ധിച്ച് കൊണ്ടേയിരിക്കുമ്പോൾ ഇത് ഏറെ പ്രയാസമുണ്ടാക്കുന്നതായാണ് പറയുന്നത്.

രണ്ടു വർഷം മുമ്പാണ് താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് 2.50 കോടി ചെലവിൽ പുതിയ കെട്ടിടം പണിതത്. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെയാണ് കെട്ടിടം പണി തുടങ്ങിയത്. എന്നാൽ പണി പൂർത്തിയാക്കി കെട്ടിടം തുറന്നുകൊടുക്കാനാകാത്തതാണ് പ്രയാസങ്ങൾക്കെല്ലാം കാരണമായി പറയുന്നത്.

ഫണ്ടിന്റെ അപര്യാപ്തത മൂലം വയറിംഗ് ജോലികൾ യഥാസമയം പൂർത്തീകരിക്കാൻ പറ്റാത്തതാണ് പണി നീണ്ടുപോയതിന് കാരണം.

പ്രൊഫ.കെ.പി.ജയരാജൻ,​ നഗരസഭ ചെയർമാൻ